| Saturday, 5th December 2020, 12:09 pm

കാനഡ വിളിച്ചുചേര്‍ത്ത യോഗം ബഹിഷ്‌ക്കരിച്ച് ഇന്ത്യ; നടപടി കര്‍ഷക പ്രതിഷേധത്തെ ജസ്റ്റിന്‍ ട്രൂഡോ അനുകൂലിച്ചതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാനഡ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കര്‍ഷകപ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് നടപടി.

കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഡിസംബര്‍ ഏഴിന് നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുക്കില്ലെന്ന് കാനഡയെ ഔദ്യോഗികമായി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എത്തില്ലെന്നും ചില ഷെഡ്യൂളിങ് പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് കാനഡയെ അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നതിനിടെ ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരോടുള്ള പിന്തുണ വീണ്ടും വ്യക്തമാക്കിയിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി കാനഡ എക്കാലവും നിലകൊള്ളുമെന്നായിരുന്നു ട്രൂഡോ ആവര്‍ത്തിച്ചത്.

‘ലോകത്തെവിടെയാണെങ്കിലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടി കാനഡ നിലകൊള്ളും. ഇപ്പോള്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചത് കാണുന്നതില്‍ ഏറെ സന്തോഷമുണ്ട്.’ ട്രൂഡോ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ ആരംഭിച്ച പ്രതിഷേധത്തിന് പിന്തുണയുമായി ട്രൂഡോ എത്തിയതിനെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു.

കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി കര്‍ഷക പ്രതിഷേധത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ പ്രതികരിച്ച മറ്റു രാജ്യങ്ങളെയും സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു.

ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹൈക്കമീഷണറെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റിനും മുന്‍പില്‍ പലരും അതിതീവ്ര പ്രതിഷേധവുമായി രംഗത്തെത്തുന്നതിന് ഇടയാക്കിയെന്നും മന്ത്രാലയം പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് ജസ്റ്റിന്‍ ട്രൂഡോ ചൊവ്വാഴ്ചയായിരുന്നു ആദ്യമായി രംഗത്തെത്തിയത്. ഈ ആശങ്ക ഇന്ത്യന്‍ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്ന ആദ്യ വിദേശനേതാവായിരുന്നു ട്രൂഡോ.

കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത അവഗണിച്ചുകളയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം കാനഡ എപ്പോഴും നിലകൊള്ളുമെന്നും വ്യക്തമാക്കിയിരുന്നു.

സംഭാഷണത്തിലും-ചര്‍ച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ‘ എന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ഒരു വീഡിയോയില്‍ പറഞ്ഞത്.

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നത്.
പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jaishankar to skip Canada-led Covid strategy meet over Justin Trudeau’s remarks

We use cookies to give you the best possible experience. Learn more