| Sunday, 15th September 2019, 8:19 pm

ഒക്ടോബര്‍ എട്ടിന് ക്ഷേത്രങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കി; പിന്നില്‍ മസൂദ് അസ്ഹറെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഒക്ടോബര്‍ എട്ടിന് ഹരിയാനയിലെ റെവാരി റെയില്‍വേ സ്റ്റേഷനിലും വിവിധ ക്ഷേത്രങ്ങളിലും സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്. കറാച്ചിയില്‍ നിന്ന് മസൂദ് എന്നയാളുടെ പേരില്‍ അയച്ച ഭീഷണിക്കത്ത് ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

കത്തയച്ചിരിക്കുന്നത് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറാണ് കത്തയച്ചിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം വീട്ടുതടങ്കലിലായിരുന്ന മസൂദിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കത്ത് ലഭിച്ചതോടെ റെവാരി സ്റ്റേഷനില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

മസൂദ് അസ്ഹറിനെ മോചിപ്പിച്ചെന്ന റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ പിന്തുണയോടെ രാജ്യത്തു ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് വന്നതിനെത്തുടര്‍ന്നു കൂടിയാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നീക്കത്തിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

നേരത്തേ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അസ്ഹറിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞമാസം പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു.

മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണു പട്ടികയിലുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്രനാള്‍ സംഘടനകളെയാണു കേന്ദ്രം ഭീകരവാദത്തിന്റെ കീഴില്‍ പെടുത്തിയിരുന്നത്. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.

മസൂദ് അസ്ഹറിന്റെ പേരില്‍ അഞ്ച് ഭീകരവാദ കേസുകളാണു നിലനില്‍ക്കുന്നത്. അതില്‍ ഈ വര്‍ഷം ഫെബ്രുവരി 14-നുണ്ടായ പുല്‍വാമ ഭീകരാക്രമണവും ഉള്‍പ്പെടും. 40 സി.ആര്‍.പി.എഫ് സൈനികരാണ് ആക്രമണത്തില്‍ അന്നു കൊല്ലപ്പെട്ടത്.

പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തില്‍ അസ്ഹറിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more