| Friday, 1st March 2019, 10:34 am

ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ രോഗി: വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയെന്ന് പാക് വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ജെയ്‌ഷെ-ഇ- മുഹമ്മദ് നേതാവ് മസൂദ് അസര്‍ പാക് മണ്ണിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. അസര്‍ രോഗിയാണെന്നും അദ്ദേഹത്തിന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഖുറേഷി പറഞ്ഞു.

” എനിക്കു ലഭിച്ച വിവരമനുസരിച്ച് അദ്ദേഹം പാക്കിസ്ഥാനിലുണ്ട്. അദ്ദേഹത്തിന് ഒട്ടും സുഖമില്ല. വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇന്ത്യ ശക്തമായ തെളിവ് നല്‍കുകയാണെങ്കില്‍ മാത്രമേ പാക്കിസ്ഥാന്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കൂ” എന്നും അദ്ദേഹം വ്യക്തമാക്കി.

“പാക്കിസ്ഥാന്‍ കോടതിക്ക് സ്വീകാര്യമാകുന്ന തെളിവുകള്‍ ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ അദ്ദേഹം കോടതി കയറും. ശക്തമായ തെളിവുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കൈമാറിയാല്‍ പാക് കോടതിയെ ഇത് ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.” അദ്ദേഹം പറഞ്ഞു.

Also read:ബി.എസ്.എഫ് പോസ്റ്റുകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമം: പഞ്ചാബില്‍ പാക് ചാരന്‍ പിടിയില്‍

ഇന്ത്യയുള്‍പ്പെടെ ഒരു രാജ്യങ്ങള്‍ക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ തങ്ങളുടെ മണ്ണിനെ ഉപയോഗിക്കാന്‍ ഒരു വ്യക്തിയേയും സംഘടനയേയും സമ്മതിക്കില്ലെന്നതാണ് പാക് സര്‍ക്കാറിന്റെ നയമെന്ന് ഖുറേഷി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കുന്ന ഏത് നടപടിയ്ക്കും പാക്കിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more