ലണ്ടന്‍: രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച സ്ത്രീകളള്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ താനൂരിലെ മത്സ്യതൊഴിലാളി ജൈസലിനെ വാഴ്ത്തി യുറോപ്യന്‍ മാധ്യമങ്ങള്‍. കാല്‍മുട്ടുവരെ മുങ്ങുന്ന വെള്ളത്തില്‍ മുട്ടുകുത്തി കുനിഞ്ഞുനിന്ന ജൈസലിന്റെ സേവനം അവശ്വസനീയമാണെന്നും സമാനതകളില്ലാത്ത പ്രവര്‍ത്തിയാണെന്നും ചാനല്‍ അവതാരകന്‍ പറയുന്നു. മുതുകില്‍ ചവിട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജൈസലിന്റെ പ്രവര്‍ത്തിയെ ചാനല്‍ വാനോളം പുകഴ്ത്തുന്നത്.
പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച നിന്ന കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പലയിടത്തും സൈന്യം പരിമിതി നേരിട്ടപ്പോള്‍ സ്വയം സന്നദ്ധരായി രക്ഷാപ്രവര്‍ത്തന ദൗത്യത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെയും വാനോളം പുകഴ്ത്തുന്നുണ്ട് ആഗോള മാധ്യമങ്ങള്‍.
കേരളത്തിന്റെ സൈന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞ മത്സ്യത്തൊഴിലാളികളാണ് നിരവധിപേരുടെ ജീവന്‍ രക്ഷിച്ചതെന്നും മരണനിരക്ക് കുറക്കാന്‍ മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍ കാരണമായെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ജൈസലിനെക്കുറിച്ച് ആഗോളമാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നേരത്തെ മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ സൈന്യത്തിന്റെതാക്കി മാറ്റി ദേശീയമാധ്യമമായ ഇന്ത്യാ ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൈസലിന്റെ പ്രവര്‍ത്തിയെ എന്‍.ഡി.ആര്‍.എഫ് സൈനികന്റെ പ്രവര്‍ത്തനമായിട്ടായിരുന്നു ചാനല്‍ അവതരിപ്പിച്ചത്. അതിന് പിന്നാലെയാണ് ആഗോളമാധ്യമങ്ങളൊന്നടങ്കം ജൈസലിനെ താരമാക്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.