| Sunday, 19th August 2018, 3:50 pm

ഇത് ജൈസല്‍ കെ.പി ; റബ്ബര്‍ ബോട്ടില്‍ കയറാനാകാത്തവര്‍ക്ക് മുതുക് കുനിച്ച് കൊടുത്ത താനൂരിലെ മത്സ്യത്തൊഴിലാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ യുവാവിന്റെ ദൃശ്യങ്ങളായിരുന്നു ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയായിക്കൊണ്ടിരുന്നത്.

മഹാമനസ്‌കനായ ആ വ്യക്തി ആരെന്ന് തിരയുകയായിരുന്നു ഇന്ന് സോഷ്യല്‍മീഡിയയില്‍ പലരും. ഒടുവില്‍ അതിന് ഉത്തരമായി. താനൂരിലെ മത്സ്യത്തൊഴിലാളിയായ ജൈസല്‍ കെ.പിയെന്ന വ്യക്തിയാണ് ദുരന്തമുഖത്തെ മനുഷ്യനന്മയുടെ മുഖമായത്.

ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കാലില്‍ കിടന്ന ചെരുപ്പ് ഊരാന്‍ പോലും മറന്ന അമ്മയോട് മൂപ്പരും മനുഷ്യനാണ് കല്ലല്ല…. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിന്‍..എന്ന് സമീപത്തുണ്ടായിരുന്ന ആള്‍ പറയുന്നത് കേട്ടപ്പോള്‍ മാത്രമാണ് ബോട്ടിന് താഴെ ഒരു ചവിട്ടുപടിക്ക് സമാനമായി കിടക്കുന്ന ജൈസലിനെ ചിലരെങ്കിലും ശ്രദ്ധിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് മുന്നിലാണ് സ്വന്തം മുതുക് ചവിട്ടുപടിയാക്കി ഈ മനുഷ്യന്‍ വെള്ളത്തില്‍ കിടന്നത്.


“ഞാന്‍ ചെയ്തത് 100% തെറ്റാണ്, മാപ്പ് “; “കുറച്ചു കോണ്ടം കൂടി ആയാലോ” കമന്റില്‍ ഖേദപ്രകടനവുമായി യുവാവ്


ഏറെ ദു:ഖം മനസില്‍ പേറി ഈ മകന് വേദനിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ ആ മനുഷ്യന്റെ മുതുകില്‍ ചവിട്ടി ഓരോരുത്തരും ബോട്ടിലേക്ക് കയറി, അതുവഴി ജീവിതത്തിലേക്കും.

പ്രളയത്തിന് മുന്നില്‍ തോല്‍ക്കാതെ ചവിട്ടിക്കയറ്റാന്‍ സ്വന്തം മുതുക് കാണിച്ച് കൊടുക്കുന്ന ഈ യുവാവിനെ വണങ്ങുകയാണ് ഓരോ മനുഷ്യരും. മനുഷ്യസ്‌നേഹത്തിന്റെ മാതൃകയെന്നാണ് ഇദ്ദേഹത്തെ സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്.

പ്രളയം ദുരന്തം വിതച്ച കേരളത്തില്‍ നിന്നുള്ള ഒരു കാഴ്ചമാത്രമായിരുന്നു ഇത്. ഇത്തരത്തിലുള്ള നിരവധി കാഴ്ചകള്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് കാണാനാവും.

സ്വന്തം ജീവന്‍ പണയം വെച്ച് മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോകുന്ന രക്ഷാപ്രവര്‍ത്തകര്‍…അവര്‍ തന്നെയാണ് കേരളത്തിലെ യഥാര്‍ത്ഥ ഹീറോകള്‍. മത്സ്യത്തൊഴിലാളികളും നാട്ടുകാരും സൈന്യവും പൊലീസും ദുരന്തനിവാരണ സേനയിലെ ഓരോ അംഗങ്ങളും അതിലെ കണ്ണികള്‍ മാത്രം..

We use cookies to give you the best possible experience. Learn more