കക്കൂസില്ലെങ്കില്‍ പെണ്ണിനെ കൊടുക്കേണ്ട: ജയറാം രമേശ്
India
കക്കൂസില്ലെങ്കില്‍ പെണ്ണിനെ കൊടുക്കേണ്ട: ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd October 2012, 12:00 am

രാജസ്ഥാന്‍: കക്കൂസില്ലാത്ത വീട്ടിലെ ചെക്കന് പെണ്ണിനെ കൊടുക്കരുതെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്. രാജസ്ഥാനിലെ കോട്ട ജില്ലയ്ക്ക് സമീപത്ത് നടന്ന പൊതുസമ്മേളനത്തിനിടയിലാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്.

നേരത്തേ രാജ്യത്ത് ക്ഷേത്രങ്ങളെക്കാള്‍ കൂടുതല്‍ ആവശ്യം കക്കൂസാണെന്ന മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.

അതിന് പിന്നാലെയാണ് “കക്കൂസില്ലെങ്കില്‍ പെണ്ണില്ല” എന്ന മുദ്രാവാക്യം സ്വീകരിക്കാന്‍ ഗ്രാമവാസികളോട് ആഹ്വാനം ചെയ്തത്. രാജ്യത്ത് 53 ശതമാനം വീടുകളിലും ഇപ്പോഴും കക്കൂസില്ലെന്നും ജയറാം രമേശ് പറഞ്ഞു.[]

കല്യാണത്തിന് മുമ്പ് ജാതകം നോക്കാറുണ്ട്, എന്നാല്‍ അതിനേക്കാള്‍ പ്രധാനം വരന്റെ വീട്ടില്‍ കക്കൂസ് ഉണ്ടോ എന്നതാണ്. ജയറാം രമേശ് പറഞ്ഞു. മനുഷ്യന്റെ സുരക്ഷയ്ക്കും അന്തസ്സിനും ശുചിത്വം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കക്കൂസില്ലാത്ത വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അനിത എന്ന സ്ത്രീയെയും മന്ത്രി പരാമര്‍ശിച്ചു.

രാജ്യത്ത് ശുചിത്വം തീരെയില്ലാത്ത സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. 91,77 ഗ്രാമ പഞ്ചായത്തുള്ള സംസ്ഥാനത്ത് ആകെയുള്ള ശോച്യാലയങ്ങളുടെ എണ്ണം വെറും 321 ആണ്.

രാജ്യത്ത് ശുചിത്വ പരിപാലനത്തിനായി മുഖ്യമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ കക്കൂസുകളോടുകൂടിയ വീടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും ജയറാം രമേശ് പറഞ്ഞു.

അതേസമയം, ക്ഷേത്രങ്ങളേക്കാള്‍ കൂടുതല്‍ വേണ്ടത് കക്കൂസുകളാണെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ചില ഹൈന്ദവ സംഘടനകള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിച്ചു.