ന്യൂദല്‍ഹി: കേരളത്തിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മക്കളെ താരതമ്യം ചെയ്തുള്ള ട്വീറ്റുമായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. അനില്‍ കെ. ആന്റണിയെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മനെ പ്രകീര്‍ത്തിച്ചുമാണ് ജയറാം രമേശിന്റെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞ് വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസിലെ എല്ലാ പദവികളും അനില്‍ കെ. ആന്റണി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയറാം രമേശിന്റെ ട്വീറ്റ്.
ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ കടമകള്‍ മറന്നുവെന്നാണ് ജയറാം രമേശ് പറയുന്നത്.
‘ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍ നഗ്‌നപാദനായി അക്ഷീണം നടക്കുന്നു.
മറ്റൊരാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള കടമകള്‍ മറക്കുന്നു,’ ജയറാം രമേശ് ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിലെ തന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെക്കുന്നതായി അനില്‍ കെ. ആന്റണി അറിയിച്ചിരുന്നു. എ.ഐ.സി.സി, കെ.പി.സി.സി എന്നിവയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍,മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജിക്കത്ത് അനില്‍ ആന്റണി തന്നയാണ് ട്വീറ്റ് ചെയ്തിരുന്നത്.
ബി.ബി.സി മുന്‍വിധിയുള്ള ചാനലാണെന്നും ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുമെന്നുമായിരുന്നു അനില്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.
വിഷയത്തില്‍ കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം നിരവധി പേര്‍ അനിലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
Content Highlight: Jairam Ramesh with a tweet comparing A.K. Antony and Oommen Chandy’s Sons