Advertisement
India-China Border
"56 ഇഞ്ച് 56 മില്ലിമീറ്ററായി ചുരുങ്ങിയിട്ടുണ്ട്"; അതിര്‍ത്തി പ്രശ്‌നം സൈനികരുടെ വീഴ്ചയായി ചിത്രീകരിക്കുന്ന 'മോദി-മാധ്യമങ്ങളുടെ' നടപടി നാണക്കേടെന്ന് ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 17, 12:53 pm
Wednesday, 17th June 2020, 6:23 pm

ന്യൂദല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ സൈന്യത്തെ പഴിചാരി കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ മോദി സര്‍ക്കാറിന്റെ സ്തുതി പാടകരായ മാധ്യമങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്താന്‍ തുടങ്ങി എന്നത് അസാധാരണമാണ്. ഇതൊരു രാഷ്ട്രീയ പരാജയമാണ്, സൈനികവീഴ്ചയല്ല. 56 ഇഞ്ച് 56 മില്ലിമീറ്ററായിരിക്കുകയാണ്. സൈന്യത്തെ അപമാനിക്കുന്നത് നിര്‍ത്തൂ’, ജയറാം രമേശ് ട്വീറ്റ് ചെയ്തു.


ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.

സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സൈനികരുടെ ജീവത്യാഗം വെറുതെ ആകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും തക്ക തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ