| Sunday, 19th March 2023, 3:47 pm

'45 ദിവസം ഇല്ലാതിരുന്ന തിരക്ക് ഇപ്പോള്‍ എന്തിന്'; രാഹുല്‍ ഗാന്ധിക്കെതിരായ ദല്‍ഹി പൊലീസ് നടപടിക്കെതിരെ ജയ്‌റാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ രാജ്യത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ ദല്‍ഹി പൊലീസ് നോട്ടീസയച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മീഡിയ സെല്‍ ഇന്‍-ചാര്‍ജ് ജയ്‌റാം രമേശ്. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമുള്ള നടപടിയുടെ ഉദ്ദേശമെന്താണെന്നും പൊലീസ് വിഷയത്തില്‍ ഇത്രമാത്രം ജാഗ്രത പുലര്‍ത്തുന്നവരായിരുന്നെങ്കില്‍ എന്തുകൊണ്ട് പരിപാടിക്ക് ശേഷം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തില്ലെന്നും ജയ്‌റാം രമേശ് ചോദിച്ചു.

‘ഭാരത് ജോഡോ യാത്ര അവസാനിച്ചിട്ട് 45 ദിവസമായി. ഈ 45 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞ കാര്യത്തെ കുറിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പോകുന്നത്. വിഷയത്തില്‍ ദല്‍ഹി പൊലീസ് ഇത്രമാത്രം ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ ഫെബ്രുവരിയില്‍ തന്നെ ചോദ്യം ചെയ്തില്ല? വിഷയത്തില്‍ നിയമപരമായി തന്നെ രാഹുല്‍ ഗാന്ധിയുടെ ലീഗല്‍ ടീം മറുപടി പറയും,’ ജയ്‌റാം രമേശിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് നിലനില്‍ക്കുന്നത് അമൃത്കാല്‍ അല്ല മറിച്ച് ആപത്കാല്‍ ആണ്. ഇത് ഏകാധിപത്യ ഭരണമാണ്. പാര്‍ലമെന്റിനെ മുന്നോട്ട് നയിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനെ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ പ്രതിപക്ഷത്തിന് പ്രതികരിക്കാന്‍ പാര്‍ലമെന്റില്‍ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് എം.പി അഭിഷേക് മനു സിങ്‌വിയും രംഗത്തെത്തിയിരുന്നു.

‘മാര്‍ച്ച് 16ന് നോട്ടീസയച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി. ഇത് പ്രതികാര നടപടിയാണ്. പൊലീസിന് നടപടിയെടുക്കാനുള്ള തിരക്കാണ്,’ അദ്ദേഹം പറഞ്ഞു.

മറ്റ് നേതാക്കളും ദല്‍ഹി പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

അമിത് ഷായുടെ ഉത്തരവില്ലാതെ, കേന്ദ്ര നേതാവിന്റെ വീട്ടിലേക്ക് പ്രത്യേക കാരണങ്ങളില്ലാതെ പൊലീസിന് കടന്നുചെല്ലാനാകില്ലെന്നും ഇത് പ്രതികാര നടപടിയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

രാഹുല്‍ ഗാന്ധി മാപ്പ് പറയേണ്ടതില്ലെന്നും അങ്ങനെ മാപ്പ് പറയേണ്ടത് ബി.ജെ.പിയാണെന്നും ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ച് 16നാണ് ദല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ ശ്രീനഗറില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രാജ്യത്ത് സ്ത്രീകള്‍ ഇപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൈംഗിക പീഡനപരാതിയുമായി തന്നെ സമീപിച്ച സ്ത്രീകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചത്.

നിയമപ്രകാരം യഥാസമയം നോട്ടീസ് നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

മാസങ്ങള്‍ നീണ്ട യാത്രയായിരുന്നു ഭാരത് ജോഡോയെന്നും താന്‍ പലരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നും രാഹുല്‍ ഗാന്ധി പൊലീസിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Jairam Ramesh slams Delhi police’s notice to Rahul Gandhi, asks why now

Latest Stories

We use cookies to give you the best possible experience. Learn more