| Sunday, 13th November 2022, 8:30 am

സീതാറാം യെച്ചൂരി 'ടു ഇന്‍ വണ്‍' ജനറല്‍ സെക്രട്ടറി, സി.പി.ഐ.എമ്മിനേക്കാള്‍ കോണ്‍ഗ്രസിനെ സ്വാധീനിക്കുന്നു: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും ‘ടു ഇന്‍ വണ്‍’ ജനറല്‍ സെക്രട്ടറിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.

ചിലപ്പോഴൊക്കെ, സി.പി.ഐ.എമ്മിലുള്ളതിനേക്കാള്‍ കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ സ്വാധീനം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.പി നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു സെമിനാറില്‍ സീതാറാം യെച്ചൂരിക്കും സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ഡി. രാജക്കുമൊപ്പം പങ്കെടുത്ത് ശനിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി. രാജക്കും കോണ്‍ഗ്രസില്‍ വലിയ സ്വാധീനമുണ്ടെന്നും പ്രസംഗത്തില്‍ ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

”യെച്ചൂരി സി.പി.ഐ.എമ്മിന്റെയും ഒപ്പം കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറിയാണ്. ചിലപ്പോഴൊക്കെ, കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ സ്വാധീനം സി.പി.ഐ.എമ്മിലുള്ളതിനേക്കാള്‍ കൂടുതലാണ്.

ഇതേ കാര്യം ഡി. രാജയെ കുറിച്ചും പറയാവുന്നതാണ്,” ജയറാം രമേശ് പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പോരാടണമെന്നും സെമിനാറില്‍ പങ്കെടുത്ത നേതാക്കളെല്ലാം അഭിപ്രായപ്പെട്ടു.

അതേസമയം, നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ‘മുണ്ടുടുത്ത മോദി’ (mundu Modi) എന്ന് ജയറാം രമേശ് വിശേഷിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. കേരളത്തിലെ സി.പി.ഐ.എം ബി.ജെ.പിയുടെ എ ടീമാണെന്നും ജയറാം രമേശ് ആരോപിച്ചിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വിജയത്തിന് പിന്നാലെയായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

”മുണ്ടുടുത്ത മോദിയുടെ അഹങ്കാരത്തിനും അദ്ദേഹത്തിന്റെ കെ റെയില്‍ പ്രോജക്ടിനും എതിരെയാണ് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തത്,” എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.

Content Highlight: Jairam Ramesh says Sitaram Yechury is the general secretary of both CPIM and Congress

We use cookies to give you the best possible experience. Learn more