കൊൽക്കത്ത : വരാൻ പോകുന്ന പശ്ചിമ ബംഗാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാടുമായി കോൺഗ്രസ് രംഗത്തെത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയില്ലാത്ത ഒരു പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് പറഞ്ഞത്.
കൂടാതെ തൃണമൂൽ കോൺഗ്രസിനെ (ടി.എം.സി) ഇന്ത്യ ബ്ലോക്കിന്റെ ‘ശക്തമായ സ്തംഭം’ എന്നും പാർട്ടി വിശേഷിപ്പിച്ചു. നിലവിൽ പശ്ചിമ ബംഗാളിൽ ഇന്ത്യാ സഖ്യവുമായി ഒറ്റക്കെട്ടായി പോരാടുമെന്നും, ഭാവിയിൽ തൃണമൂലുമായി സീറ്റ് പങ്കിടൽ ചർച്ചകൾ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മമത ജിയും ടി.എം.സിയും ഇന്ത്യൻ ബ്ലോക്കിന്റെ ശക്തമായ സ്തംഭങ്ങളാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായും രമേശ് വ്യക്തമാക്കി.
ബി.ജെ.പിയെ തോൽപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും മമത ബാനർജി പറഞ്ഞിരുന്നു. എല്ലാ ഇന്ത്യൻ ബ്ലോക്ക് പാർട്ടികളെയും ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
‘ഞങ്ങൾക്ക് പൂർണ്ണ പ്രതീക്ഷയുണ്ട്. ചർച്ചകൾ നടക്കുന്നു. ഇന്ത്യാ സംഖ്യം ഒന്നിച്ച് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനെ നേരിടും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇന്ത്യാ സംഖ്യം ഒരു കല്ലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അസമിലുള്ള കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇതേ ചിന്തയോടെ പശ്ചിമ ബംഗാളിൽ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തൃണമൂൽ കോൺഗ്രസ് മേധാവിയെ വിമർശിക്കുകയും അവസരവാദിയെന്ന് വിളിക്കുകയും അവരുടെ സഹായമില്ലാതെ തന്നെ പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറയുകയും ചെയ്ത പശ്ചിമ ബംഗാൾ, കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുമായുള്ള അഭിപ്രായ ഭിന്നതക്ക് തൊട്ടുപിന്നാലെയാണ് കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി ബാനർജി പ്രഖ്യാപിച്ചത്.
കൂടാതെ പശ്ചിമ ബംഗാളിൽ നടത്താനിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയെക്കുറിച്ച് പാർട്ടി തന്നെ അറിയിച്ചിട്ടില്ലെന്നും ടി.എം.സി മേധാവി അവകാശപ്പെട്ടിട്ടുണ്ട്. മര്യാദയുടെ പേരിൽ പോലും ഇത്തരം ഒരു യാത്ര നടക്കാൻ പോകുന്നതിനെ കുറിച്ച് ആരും തന്നെ അറിയിച്ചിട്ടില്ലായെന്നും മമത ബാനർജി പറഞ്ഞു.
എന്നാൽ ജനുവരി 13 ന് ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ബാനർജിയെ ക്ഷണിച്ചുകൊണ്ടുള്ള കത്തുകൾ ഖാർഗെയും രാഹുൽ ഗാന്ധിയും അയച്ചിരുന്നതായാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. എന്തായാലും വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ ഐക്യമുന്നണി അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ് ബാനർജിയുടെ ഈ നീക്കം.
Content Highlight: Jairam Ramesh says INDIA bloc without Mamata is unimaginable