ന്യൂദൽഹി: ഇലക്ടറൽ ബോണ്ടുകളുടെ 60 ശതമാനവും ബി.ജെ.പിക്കാണ് ലഭിച്ചതെന്നും ഇ.ഡിയെയും സി.ബി.ഐയെയും ആദായ നികുതി വകുപ്പിനെയും ഇലക്ടറൽ ബോണ്ടുകൾക്ക് വേണ്ടി ദുരുപയോഗം ചെയ്‌തെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
മഹാരാഷ്ട്രയിലെ പൽഘാറിൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഇലക്ടറൽ ബോണ്ടുകൾ മുഴുവൻ വിശകലനം ചെയ്തുനോക്കി. ഇലക്ടറൽ ബോണ്ടുകൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് വിശകലനത്തിൽ നിന്ന് എനിക്ക് വ്യക്തമായി. ഇലക്ടറൽ ബോണ്ടുകളിൽ 60 ശതമാനവും ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. എങ്ങനെയാണ് ഇ.ഡിയെയും സി.ബി.ഐയെയും ആദായനികുതി വകുപ്പിനെയും ദുരുപയോഗം ചെയ്തിരിക്കുന്നത് എന്നും ഞാൻ കണ്ടു.
സംഭാവന നൽകിയവർക്ക് എവിടെയെല്ലാം കോൺട്രാക്റ്റുകൾ നൽകി, ഹൈവേയുടെയും ടണലുകളുടെയും കോൺട്രാക്റ്റുകളും മറ്റ് പ്രൊജക്ടുകളും നൽകി, ഇതെല്ലാം ഉൾപ്പെടുന്നുണ്ട്,’ ജയ്റാം രമേശ് പറഞ്ഞു.
2019നും 2024നുമിടയിൽ രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ടുകൾ സംഭാവന ചെയ്ത ആദ്യ അഞ്ചിലെ മൂന്ന് കമ്പനികളും ഇ.ഡിയുടെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം നേരിടുന്നവരാണ്.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. വിവരങ്ങൾ അനുസരിച്ച് ബി.ജെ.പിയാണ് ഏറ്റവുമധികം പണം കൈപ്പറ്റിയിരിക്കുന്നത്. വൻകിട കമ്പനികളടക്കം രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നതിനിടെ പാകിസ്ഥാനിൽ നിന്നുള്ള കമ്പനികളും ബോണ്ട് കൈപ്പറ്റിയതായി വിവരം പുറത്തുവന്നു.
കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ അദാനിയുടെയും അംബാനിയുടെയും പേരുകൾ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇതിനുപുറമെ കൊവിഡ് വാക്സിൻ നിർമിച്ച സെറം ഇൻസ്റ്റിട്യൂട്ട്, എയർടെൽ, മുത്തൂറ്റ് ഫിനാൻസ്, ഐ.ടി.സി, സൺ ഫാർമ, ഇൻഡിഗോ, എം.ആർ.എഫ്, കിറ്റെക്‌സ് തുടങ്ങിയ കമ്പനികളും പാർട്ടികൾക്ക് സംഭാവന നൽകിയവരിൽ ഉൾപ്പെടുന്നു.
ബി.ജെ.പി, കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ടി.ഡി.പി, ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ബി.ആർ.എസ്, ശിവസേന. എൻ.സി.പി, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികളാണ് ബോണ്ടുകൾ പണമാക്കി മാറ്റിയത്.
നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 75 ശതമാനം ബോണ്ടുകൾ പണമാക്കിയിരിക്കുന്നത് ബി.ജെ.പിയാണ്.
സി.പി.ഐ.എമ്മും സി.പി.ഐയും ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടില്ല എന്നും കമ്മീഷന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Content Highlight: Jairam Ramesh says BJP misused ED, CBI and Income tax department in Electoral bonds