| Wednesday, 1st November 2023, 2:57 pm

2024ല്‍ ജനം മാറ്റത്തിന് തയ്യാറാവും; കുതിച്ചുയരുന്ന വിലക്കയറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
2024ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റത്തിന് തയ്യാറാണെന്നും നിലവിലെ പണപ്പെരുപ്പത്തില്‍ നിന്നും ഇന്ത്യാ മുന്നണി സര്‍ക്കാര്‍ ഇന്ത്യയില്‍ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

‘മോദി സര്‍ക്കാറിന് കീഴില്‍ ജനങ്ങളുടെ ഉത്സവവേളകളിലെ സന്തോഷങ്ങളും വേവലാതി നിറഞ്ഞതാണ്. കാരണം അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. വിലക്കയറ്റം മൂലം ജനങ്ങള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാറിലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടപ്പെടുകയാണ്.

അതുകൊണ്ട് 2024ലെ തെരഞ്ഞെടുപ്പില്‍ മാറ്റത്തിന് അവര്‍ തയ്യാറാണ്. പണപ്പെരുപ്പവും പ്രധാനമന്ത്രിയുടെ സുഹൃത്തിന് നേട്ടം ഉണ്ടാക്കുകയും ചെയ്യുന്ന നയങ്ങള്‍ ഇന്ത്യാ മുന്നണി സര്‍ക്കാര്‍ ഉടന്‍ തിരുത്തും. ഇത് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കും ,’ ജയറാം രമേശ് തന്റെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും ആശങ്ക ഉയര്‍ത്തുന്നതാണെന്നും സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞദിവസം ഇന്ത്യാ മുന്നണിയില്‍ നിന്നുള്ള അഞ്ചോളം പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പ് ആപ്പിള്‍ നല്‍കിയിരുന്നു. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അക്രമകാരികള്‍ നേതാക്കളുടെ ഐഡി ചോര്‍ത്താന്‍ ശ്രമിക്കുന്നതായാണ് ഇമെയിലിലൂടെ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്.

കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പവന്‍ ഖേര, ശിവസന നേതാവ് പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ആം ആദ്മി നേതാവ് രാഘവ് ഛദ്ദ, രാഹുല്‍ ഗാന്ധിയുടെ നാല് പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെല്ലാം ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സമീര്‍ ശരണിനും ഇമെയില്‍ ലഭിച്ചിട്ടുണ്ട്.

Content Highlight: Jairam Ramesh’s attack on Modi  Government

We use cookies to give you the best possible experience. Learn more