| Wednesday, 21st August 2024, 8:50 pm

അദാനി കുത്തകകള്‍ നിര്‍മിച്ചപ്പോള്‍ ഇന്ത്യയിലെ സി.സി.ഐ എന്തുകൊണ്ട് മൗനം പാലിച്ചു: ജയറാം രമേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തുടര്‍ച്ചയായി പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്ന അദാനി ഗ്രൂപ്പിനെ സി.സി.ഐ (കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) എന്തുകൊണ്ടാണ് അംഗീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്.

അടിസ്ഥാന സൗകര്യമേഖലകളില്‍ വ്യവസായികള്‍ കുത്തകകള്‍ നിര്‍മിക്കുമ്പോള്‍ സി.സി.ഐ പോലുള്ള സ്ഥാപനങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു. ഉപഭോക്താക്കളുടെ ചെലവില്‍ എന്തിനാണ് സി.സി.ഐ തുടരുന്നതെന്നും ജയറാം രമേഷ് ചോദ്യമുയര്‍ത്തി.

‘പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ മറ്റുകമ്പനികള്‍ ഏറ്റെടുക്കുന്നതും ഇത് വാണിജ്യരംഗത്തെ മത്സരം കുറക്കുമെന്നുള്ളതും ജനങ്ങളോട് പറയാന്‍ സി.സി.ഐ ധൈര്യം കാണിക്കണം,’ ജയറാം രമേഷ് പറഞ്ഞു.

അതേസമയം റിലയന്‍സ്-ഡിസ്നി ലയനത്തിലൂടെ നേരിടാനിടയുള്ള പ്രതിസന്ധികളെ കുറിച്ച് സി.സി.ഐ ആശങ്ക പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ചൂണ്ടിക്കാട്ടി.

നിശ്ചിത പരിധിക്കപ്പുറമുള്ള ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കുമെല്ലാം സി.സി.ഐ അംഗീകാരം നല്‍കേണ്ടതുണ്ട്. എന്നാല്‍ സി.സി.ഐ അംഗീകാരം നല്‍കാതെ തന്നെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ കുത്തകകള്‍ നിര്‍മിക്കാന്‍ അദാനിക്ക് അനുമതി ലഭിച്ചു. ഇതിലൂടെ വരാന്‍ പോകുന്ന അപകടസാധ്യതകള്‍ നിലവില്‍ സി.സി.ഐ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക്, യൂസര്‍ ഡെവലപ്മെന്റ് ഫീസില്‍ അഞ്ചിരട്ടി വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ നീതി ആയോഗും ധനമന്ത്രാലയവും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയത് അദാനിക്ക് നല്‍കിയ വിമാനത്താവളങ്ങളില്‍ മാത്രമാണ്,’ ജയറാം രമേഷ് പറഞ്ഞു.

ഹരിയാന, ജാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈദ്യുതി ബില്‍ അനിയന്ത്രിതമായി ഉയരുന്നതിന് അദാനിയാണ് കാരണമെന്നും ജയറാം രമേശ് പറഞ്ഞു. സെബി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലെ സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി മേഖലകളില്‍ കുത്തകകള്‍ ഉണ്ടാക്കുന്നുവെന്നും ജയറാം രമേശ് വിമര്‍ശനം ഉയര്‍ത്തി.

Content Highlight: Jairam Ramesh on why CCI approves Adani Group which is continuously acquiring public sector enterprises

We use cookies to give you the best possible experience. Learn more