കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് മോദി; പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ വിമർശനവുമായി ജയറാം രമേശ്
India
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് മോദി; പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ വിമർശനവുമായി ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2024, 1:29 pm

ന്യൂദൽഹി: കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ്. മോദി തുടർച്ചയായി കേരളവും തമിഴ്നാടും സന്ദർശിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

കേരളവും തമിഴ്നാടും തുടർച്ചയായി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ബാധ്യസ്ഥനാണ്. അദ്ദേ​ഹം ഇന്ന് വരെ കേരളത്തിന് കാര്യമായ പ്രാധാന്യം നൽകിയിട്ടില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. കേരളത്തെ സൊമലിയയോട് ഉപമിച്ച ആളാണ് മോദി. പ്രസ്താവന തിരുത്തണമെന്നും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മോദിയെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. മോദി എത്ര തവണ കേരളം സന്ദർശിക്കുന്നുവോ കോൺ​ഗ്രസിന് അത്രയും സീറ്റ് വർധിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. അതിനാൽ പ്രധാനമന്ത്രി ഇനിയും കേരളം സന്ദർശിക്കുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കേരളത്തിലെ ശിശു മരണ നിരക്കിനെ സൊമാലിയയോട് താരതമ്യപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്.

ശിശുമരണ നിരക്കിൽ സൊമാലിയ ആണ് ലോകത്ത് ഒന്നാമത്. സൊമാലിയയോട് മത്സരിക്കുന്ന കണക്കുകളാണ് ശിശുമരണ നിരക്കിൽ കേരളത്തിൽ നിന്നും പുറത്ത് വരുന്നതെന്നാണ് മോദി അന്ന് പറഞ്ഞത്. 2016ൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് വേണ്ടി കേരളത്തിലെത്തിയപ്പോഴായിരുന്നു മോദിയുടെ പ്രസ്താവന.

അന്ന് മോദിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി കേരള സർക്കാരും രം​ഗത്തെത്തിയിരുന്നു. പരാമർശത്തിൽ മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു.

Content Highlight: Jairam Ramesh against modi’s kerala visit