ഇനി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടേയും ഡിജിറ്റല്‍ ഇന്ത്യയുടേയുമൊക്കെ പേര് മാറ്റുമോ? ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസ്
national news
ഇനി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടേയും ഡിജിറ്റല്‍ ഇന്ത്യയുടേയുമൊക്കെ പേര് മാറ്റുമോ? ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th July 2023, 2:19 pm

ന്യൂദല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ ട്വിറ്റര്‍ ബയോയില്‍ നിന്നും ഇന്ത്യ എന്ന പേര് മാറ്റിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യ എന്ന വാക്ക് കൊളോണിയല്‍ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് ഹിമന്ത്വ ബിശ്വ ശര്‍മ, ബോസായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് പറയേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പേര് നിര്‍ദേശിച്ചത് മോദിയാണെന്നും ജയറാം രമേശ് പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരിട്ടത്തിന് പിന്നാലെ ട്വിറ്റര്‍ ബയോ ഹിമന്ത്വ ബിശ്വ ശര്‍മ മാറ്റിയിരുന്നു. പിന്നാലെ ബ്രിട്ടീഷുകാരാണ് നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന പേരിട്ടതെന്നും കൊളോണിയല്‍ പൈതൃകങ്ങളില്‍ നിന്ന് സ്വയം മോചിതരാകാന്‍ നാം ശ്രമിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ജയറാം രമേശ് രംഗത്തെത്തിയിരിക്കുന്നത്.

‘അസം മുഖ്യമന്ത്രിയുടെ വായില്‍ പുളിച്ച മുന്തിരിയാണോ ഉള്ളത്? അദ്ദേഹത്തിന്റെ പുതിയ ഉപദേശകനായ മോദിയാണ് നമുക്ക് സ്‌കില്‍ ഇന്ത്യയും സ്റ്റാര്‍ട് അപ്പ് ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും നല്‍കിയത്. ഇതെല്ലാം ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന പരിപാടികളാണ്. ടീം ഇന്ത്യയായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം എല്ലാ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യാനാണ് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നതും.

പക്ഷേ 26 രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നല്‍കിയപ്പോള്‍ അത് കൊളോണിയല്‍ മാനസികാവസ്ഥയാണ് മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് അദ്ദേഹം ബോസിനോടാണ് പോയി പറയേണ്ടത്,’ ജയറാം രമേശ് പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരിട്ടത്തിന് പിന്നാലെ ട്വിറ്റര്‍ ബയോ ഹിമന്ത്വ ബിശ്വ ശര്‍മ മാറ്റിയിരുന്നു. ട്വിറ്ററില്‍ തന്റെ പദവി എഴുതിയ ‘ചീഫ് മിനിസ്റ്റര്‍ ഓഫ് അസം, ഇന്ത്യ’ എന്ന ഭാഗം ‘ചീഫ് മിനിസ്റ്റര്‍ ഓഫ് അസം, ഭാരത്,’ എന്നാക്കിയാണ് അദ്ദേഹം മാറ്റിയിട്ടുള്ളത്. പിന്നാലെ ബ്രിട്ടീഷുകാരാണ് നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന പേരിട്ടതെന്നും നമ്മുടെ പൂര്‍വികര്‍ ഭാരതത്തിന് വേണ്ടിയാണ് പോരാടിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

‘നമ്മുടെ നാഗരിക സംഘര്‍ഷം ഇന്ത്യയെയും ഭാരതത്തെയും ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന പേരിട്ടു.

കൊളോണിയല്‍ പൈതൃകങ്ങളില്‍ നിന്ന് സ്വയം മോചിതരാകാന്‍ നാം ശ്രമിക്കണം. നമ്മുടെ പൂര്‍വികര്‍ ഭാരതത്തിന് വേണ്ടിയാണ് പോരാടിയത്. നമ്മളും ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. ബി.ജെ.പി ഫോര്‍ ഭാരത്,’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങളാണ് ഹിമന്ത്വ ബിശ്വ ശര്‍മയ്‌ക്കെതിരെ സമൂഹ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ പേരുകള്‍ മാറ്റുമോയെന്ന തരത്തിലുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.

ഇന്നലെ ബെംഗളൂരുവില്‍ വെച്ച് നടന്ന യോഗത്തിലാണ് ഇന്ത്യ എന്ന പേര് പ്രതിപക്ഷ സഖ്യത്തിന് നല്‍കിയത്. രാത്രിയോട് കൂടി ഇന്ത്യ വിജയിക്കും (ജീതേഗാ ഭാരത്-India will win) എന്ന ടാഗ് ലൈനും പ്രതിപക്ഷ സഖ്യത്തിന് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന് ഹിന്ദി ടാഗ്ലൈന്‍ വേണമെന്ന ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറേയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീതേഗ ഭാരത് എന്ന ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.

സഖ്യത്തിന്റെ പേരില്‍ ഭാരത് എന്ന് ചേര്‍ക്കണമെന്ന ചര്‍ച്ചയുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് ടാഗ് ലൈനില്‍ ഭാരതം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

content highlights: jairam ramesh against himantha biswa sharma