| Saturday, 8th July 2023, 9:39 am

മണിപ്പൂരില്‍ ഇടപെടാമെന്ന അമേരിക്കന്‍ പരാമര്‍ശത്തില്‍ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ ആവശ്യപ്പെട്ടാല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാമെന്ന ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രി നിശബ്ദനാണ്, ആഭ്യന്തരമന്ത്രിക്ക് കാര്യക്ഷമതയില്ല, പക്ഷേ അത് മറ്റേതെങ്കിലും രാജ്യത്തിന് ഇന്ത്യയില്‍ ഇടപെടുന്നതിന് കാരണല്ലെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘മണിപ്പൂരില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറയുമോ. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൗരസമൂഹം, സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവര്‍ക്കാണ് മണിപ്പൂരില്‍ സമാധാനവും ഐക്യവും തിരികെ കൊണ്ടുവരേണ്ട ഉത്തരവാദിത്തം.

പ്രധാനമന്ത്രി നിശബ്ദനാണ്, ആഭ്യന്തര മന്ത്രിക്ക് കാര്യക്ഷമതയില്ല. പക്ഷേ അത് മറ്റേതെങ്കിലും രാജ്യങ്ങള്‍ക്ക് ഇടപെടാനുള്ള വഴി തുറന്ന് കൊടുക്കലല്ല. ഇത് ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജനത നിശ്ചയദാര്‍ഢ്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്,’ അദ്ദേഹം പറഞ്ഞു.

നാല് ദിവസത്തെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനാണ് ഗാര്‍സെറ്റി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്.

‘ഞാന്‍ ആദ്യം മണിപ്പൂരിനെ കുറിച്ച് സംസാരിക്കാം. അവിടെ സമാധാനം പുനസ്ഥാപിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. മണിപ്പൂരില്‍ കുട്ടികളും വനിതകളുമടക്കം കലാപത്തില്‍ മരിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നാന്‍ നിങ്ങള്‍ ഇന്ത്യക്കാരനാകാണമെന്നില്ല.

സമാധാനമാണ് മറ്റ് പല നന്മകളുടെയും മാതൃകയെന്ന് ഞങ്ങള്‍ക്കറിയാം. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ആവശ്യപ്പെട്ടാല്‍ ഏത് വിധത്തിലുള്ള സഹായങ്ങളും ഞങ്ങള്‍ ചെയ്ത് തരും. ഞങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം,’ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ഇന്ത്യയുടെ കിഴക്കും വടക്ക് കിഴക്കും അമേരിക്കയ്ക്ക് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും നേരത്തെ രംഗത്തെത്തിയിരുന്നു.

‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഒരു യു.എസ്. അംബാസഡര്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത് നാല് പതിറ്റാണ്ടിലെ എന്റെ പൊതു ജീവിതത്തിനിടയില്‍ ഇത് ആദ്യമായാണ് കേള്‍ക്കുന്നത്. ഞങ്ങള്‍ പഞ്ചാബിലും ജമ്മു കശ്മീരിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങളെ അഭിമുഖീരിച്ചിട്ടുണ്ട്. അതിനെയെല്ലാം ഞങ്ങള്‍ മറികടന്നിട്ടുണ്ട്.

190കളില്‍ റോബിന്‍ റാഫേല്‍ ജമ്മു കശ്മീരിനെ കുറിച്ച് വാഗ്‌വാദം നടത്തുമ്പോഴും അദ്ദേഹം സൂക്ഷ്മത പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു,’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അമേരിക്ക അഭിമുഖീകരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇന്ത്യ ഇടപെടുന്നില്ലെന്നും അവിടെ വെടിവെപ്പുകള്‍ ഉണ്ടാകുന്നതും ആളുകള്‍ മരിച്ച് വീഴുന്നതും തങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം എ.എന്‍.ഐയോടും പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധത്തിന്റെ ചരിത്രം പുതിയ സ്ഥാനപതി പഠിക്കുന്നത് നന്നായിരിക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: jairam ramesh against eric garcetti

We use cookies to give you the best possible experience. Learn more