പരിഗണന ആവശ്യമാണെന്ന് എ.കെ.ആന്റണി മനസിലാക്കിയതായി കെ.കെ.ശൈലജ; ഇതൊന്നും ബി.ജെ.പി സര്‍ക്കാരിന് മനസിലാകില്ലെന്ന് ജയറാം രമേശ്
national news
പരിഗണന ആവശ്യമാണെന്ന് എ.കെ.ആന്റണി മനസിലാക്കിയതായി കെ.കെ.ശൈലജ; ഇതൊന്നും ബി.ജെ.പി സര്‍ക്കാരിന് മനസിലാകില്ലെന്ന് ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2023, 9:03 am

ന്യൂദല്‍ഹി: മുഴുവന്‍ സമയ പ്രവര്‍ത്തകയാകണമെന്ന സി.പി.ഐ.എം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന കെ.കെ.ശൈലജയുടെ അഭ്യര്‍ത്ഥനയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം അതിശയിപ്പിക്കുന്നുവെന്ന് ജയറാം രമേശ്.

കെ.കെ. ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ് (my life as a comrade)’ എന്ന ഓര്‍മക്കുറിപ്പില്‍ എ.കെ. ആന്റണിയുമായുള്ള അനുഭവത്തെ കുറിച്ചുള്ള പരമാര്‍ശം ഉദ്ധരിക്കുകയാണ് അദ്ദേഹം.

ഈ പുസ്തകം ആകര്‍ഷകമാണെന്നും കേരളത്തിലെ ഈ രാഷ്ട്രീയം ഇന്നത്തെ ബി.ജെ.പി സര്‍ക്കാരിന് മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ കൊവിഡ് പേമാരിയെ നേരിട്ട രീതിയിലൂടെ ലോക പ്രശസ്തയായ കെ.കെ. ശൈലജ അവരുടെ ഓര്‍മകള്‍ ഓര്‍മക്കുറിപ്പിലൂടെ പങ്കുവെക്കുകയാണ്. ആകര്‍ഷകമായി വായിക്കാന്‍ പറ്റിയ പുസ്തകമാണിത്.

മുഴുവന്‍ സമയ സി.പി.ഐ.എം പ്രവര്‍ത്തകയാകാന്‍ ശൈലജ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയോട് അഭ്യര്‍ത്ഥിച്ചപ്പോഴുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം അതിശയിപ്പിക്കുന്നതാണ്. ഇത് കേരള രാഷ്ട്രീയത്തെയും ആന്റണിയെയും പ്രതിഫലിപ്പിക്കുന്നു. ഇതൊന്നും ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരിന് മനസിലാകില്ല,’ ജയറാം രമേശ് പറഞ്ഞു.

മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പുസ്തകത്തിലെ 118ാം പേജിലാണ് 2004ലെ സംവഭ വികാസങ്ങള്‍ ശൈലജ പങ്കുവെക്കുന്നത്. പാര്‍ട്ടി ആ സമയത്ത് മുഴുവന്‍ സമയ പ്രവര്‍ത്തകയാകാന്‍ ആവശ്യപ്പെട്ടതും അതില്‍ പറയുന്നു.

‘2004ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയാകാന്‍ പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടു. അതിനായി അധ്യാപന ജോലിയില്‍ നിന്നും സ്വമേധയാ വിരമിക്കണമായിരുന്നു. ഞാന്‍ ധര്‍മസങ്കടത്തിലായി.

ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപിക എന്ന നിലയില്‍ 55 വയസില്‍ മാത്രമേ വിരമിക്കാന്‍ സാധിക്കുകയുള്ളൂ. 9 വര്‍ഷത്തെ സേവനം അപ്പോഴും എനിക്ക് ബാക്കിയുണ്ടായിരുന്നു.

20 വര്‍ഷം സര്‍വീസില്‍ ഇരിക്കാത്തത് കൊണ്ട് എനിക്ക് സ്വയം വിരമിക്കാനും സാധിക്കില്ല. 23 വര്‍ഷം സര്‍വീസില്‍ ഉണ്ടായിരുന്നെങ്കിലും 5 വര്‍ഷം എം.എല്‍.എ ആയതിനാല്‍ 18 വര്‍ഷം മാത്രമാണ് അധ്യാപികയായി ജോലി ചെയ്തിരുന്നത്.

സ്വയം വിരമിക്കുന്നതിന് ഇനി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് മാത്രമേ സാധ്യതയുള്ളൂ.

മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് ആണ് അന്നത്തെ ഭരണം. ഞാന്‍ മുഖ്യമന്ത്രിയായ എ.കെ.ആന്റണിയുടെ സമീപം എന്റെ ആവശ്യവുമായി ചെന്നു. എന്നാല്‍ വളരെ രസകരമായാണ് അദ്ദേഹം പ്രതികരിച്ചത്.

എന്റെ പാര്‍ട്ടിയെ എതിരിടാന്‍ നിങ്ങള്‍ സാധാരണ ഗതിയില്‍ സ്‌കൂള്‍ കഴിഞ്ഞുള്ള 4 മണിക്ക് ശേഷമുള്ള സമയമാണെടുക്കുന്നത്. ഇനി നിങ്ങള്‍ക്ക് എല്ലാ ദിവസവും 10 മണി മുതലുളള സമയം ആവശ്യമാണോ എന്ന് അദ്ദേഹം നര്‍മത്തില്‍ ചോദിച്ചു. പക്ഷേ അദ്ദേഹം ദയയുള്ളയാളാണ്. ആ പരിഗണന എനിക്ക് ആവശ്യമാണെന്ന് അദ്ദേഹം മനസിലാക്കി.

സാമൂഹ്യ സേവനമാണ് എനിക്ക് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. അത് ഞാന്‍ നടത്തി തരാമെന്നും സൂചിപ്പിച്ചു. അന്നത്തെ ധനമന്ത്രി ശങ്കരനാരായണനെ കാണാനും അപേക്ഷ നല്‍കാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. എന്നാല്‍ ഞാന്‍ അവിടെ ചെന്നപ്പോഴേക്കും അദ്ദേഹത്തോട് എല്ലാം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അപേക്ഷ വരുന്ന മുറക്ക് തന്നെ ഞാന്‍ അത് പാസാക്കി തരാമെന്ന് ധനമന്ത്രിയും പറഞ്ഞു,’ എന്നാണ് ശൈലജ എഴുതിയിരിക്കുന്നത്. ഈ ഭാഗങ്ങളും ജയറാം രമേശ് തന്റെ ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

content highlight: jairam ramesh about memoir of jayram ramesh