'ഇനിയും സംസാരിച്ചാല്‍ നിന്റെ വായടിപ്പിക്കും'; മാധ്യമപ്രവര്‍ത്തകനോട് ജെയിര്‍ ബോല്‍സനാരോ
World News
'ഇനിയും സംസാരിച്ചാല്‍ നിന്റെ വായടിപ്പിക്കും'; മാധ്യമപ്രവര്‍ത്തകനോട് ജെയിര്‍ ബോല്‍സനാരോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th August 2020, 10:50 am

സാവോപോളോ: അഴിമതി കേസില്‍ ഭാര്യ ഉള്‍പ്പെട്ട വിഷയത്തെപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ.

ഇനിയും ഇതുപോലെ സംസാരിച്ചാല്‍ തന്റെ വായടപ്പിക്കും- എന്ന് അദ്ദേഹം റിപ്പോര്‍ട്ടറോട് പറഞ്ഞു.

ഞായറാഴ്ച ബ്രസീലിയയിലെ മെട്രോപൊളിറ്റന്‍ കത്തീഡ്രലിലേക്കുള്ള പതിവ് സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു പ്രസിഡന്റ്. അതിന് ശേഷം ബോള്‍സോനാരോയെ കാണാനെത്തിയ മാധ്യമസംഘത്തെ അദ്ദേഹം കണ്ടിരുന്നു.

തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക സംഘത്തിലെ റിപ്പോര്‍ട്ടര്‍ പ്രസിഡന്റിന്റെ ഭാര്യ ഉള്‍പ്പെട്ട അഴിമതിക്കേസിനെ പറ്റി ചോദിച്ചു. ചോദ്യത്തില്‍ ക്ഷുഭിതനായ അദ്ദേഹം റിപ്പോര്‍ട്ടറോട് കയര്‍ത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തന്റെ വായ പൂട്ടിക്കെട്ടാന്‍ ഞാനാഗ്രഹിക്കുന്നു- എന്നാണ് അദ്ദേഹം റിപ്പോര്‍ട്ടറോട് പറഞ്ഞത്. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രസിഡന്റ് തയ്യാറായില്ല.

പ്രഥമ വനിതയായ മീഷേല്‍ ബോല്‍സനാരോയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഫാബ്രിയോ ക്യൂറോസും ഉള്‍പ്പെട്ട അഴിമതി സംബന്ധിച്ച രേഖകള്‍ അടുത്തിടെ ഒരു മാഗസീന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ജെയിര്‍ ബോല്‍സനാരോ ഈ രീതിയില്‍ പ്രതികരിച്ചത്.

2019 ജനുവരിയില്‍ ജെയര്‍ ബോള്‍സോനാരോ പ്രസിഡന്റാകുന്നതിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം അനധികൃതമായി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടന്ന ആരോപണങ്ങളാണ് മകന്‍ ഫ്‌ളാവിയോ ബോല്‍സനാരോയ്ക്കും പൊലീസ് ഉദ്യോഗസ്ഥനായ ഫാബ്രിയോ ക്യൂറോസിനുമെതിരെയുള്ള കുറ്റം. റിയോ ഡി ജനീറോയില്‍ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുമ്പോഴാണ് ഫ്‌ളാവിയോക്ക് മേല്‍ ഈ ആരോപണങ്ങള്‍ ഉയര്‍ന്നത്.

2011-16 കാലഘട്ടത്തില്‍ ഇത്തരത്തില്‍ ക്യൂറോസ് ശേഖരിച്ച പണം മിഷേല്‍ ബോല്‍സനാരോയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണത്തില്‍ മിഷേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം മാധ്യമപ്രവര്‍ത്തകനോട് ഇത്തരത്തില്‍ സംസാരിച്ചത് ഒരു പ്രസിഡന്റിന് ചേര്‍ന്ന രീതിയല്ലെന്ന് ‘ഓ ഗ്ലോബോ’ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തലുകള്‍ നടത്തുന്നത് അപലപനീയമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: jair-bolsonaro-to-journalist-want-to-pound-your-mouth-with-punches-