| Tuesday, 11th December 2018, 9:53 am

വിജയമുറപ്പിച്ച് കോണ്‍ഗ്രസ്; രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വസതിക്ക് മുന്‍പില്‍ പടക്കം പൊട്ടിച്ച് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമായതോടെ ആഹ്ലാദ പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ വസതിയ്ക്ക് മുന്‍പില്‍ ആഹ്ലാദപ്രകടനം നടത്തുന്നത്.

ജയ്പൂരിലേയും ദല്‍ഹിയിലേയും കോണ്‍ഗ്രസ് ഓഫീസിന് പുറത്തും പ്രവര്‍ത്തകര്‍ വലിയ ആഹ്ലാദപ്രകടനം നടത്തുകയാണ്. ദല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും സച്ചിന്‍ പൈലറ്റിന്റേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രത്തിലാണ് പുഷ്പാര്‍ച്ചന നടത്തുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് 96 സീറ്റില്‍ മുന്നേറുകയാണ്. ബി.ജെ.പിക്ക് 68 സീറ്റാണ് ലഭിച്ചത്. ബി.എസ്.പി മൂന്ന് സീറ്റിലും മറ്റുള്ളവര്‍ 14 സീറ്റിലും മുന്നേറുന്നു.

വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ചു സംസ്ഥാനങ്ങളിലും കടുത്ത മല്‍സരം തുടരുകയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി കോണ്‍ഗ്രസാണ് മുന്നില്‍. തെലങ്കാനയില്‍ വ്യക്തമായ ലീഡോടെ ടി.ആര്‍.എസ് മുന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. മിസോറാമില്‍ എം.എന്‍.എഫ് 22 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലുമാണ് മുന്നേറുന്നത്. ബി.ജെ.പി ഇവിടെ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.


കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം


ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം.

We use cookies to give you the best possible experience. Learn more