| Monday, 29th October 2012, 3:39 pm

ജയ്പാല്‍ റെഡ്ഡിക്ക് പെട്രോളിയം വകുപ്പ് നഷ്ടമായത് റിലയന്‍സിന്റെ അതൃപ്തി മൂലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മന്ത്രിസഭാ പുന:സംഘടനയുടെ പേരില്‍ ജയ്പാല്‍ റെഡ്ഡിക്ക് പെട്രോളിയം വകുപ്പ് നഷ്ടമായത് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ശൃംഖലയായ റിലയന്‍സുമായുള്ള യുദ്ധത്തിന്റെ അനന്തരഫലം മൂലമാണെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ജയ്പാല്‍ റെഡ്ഡിയും റിലയന്‍സും തമ്മില്‍ ശീതയുദ്ധത്തിലായിരുന്നു. 2011 ല്‍ ജയ്പാല്‍ റെഡ്ഡി പെട്രോളിയം വകുപ്പ് ഏറ്റെടുത്തത് മുതല്‍ റിലയന്‍സ് പ്രകൃതി വാതകത്തിന്റെ വില ഉയര്‍ത്താനായി മന്ത്രാലയത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. []

ആന്ധ്രാതീരത്ത് കെ.ജി.ഡി 6 ഗ്യാസ് ബ്ലോക്കില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കണം എന്നായിരുന്നു റിലയന്‍സിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജയ്പാല്‍ റെഡ്ഡി തയ്യാറായില്ല. ഇതോടെ മന്ത്രി റിലയന്‍സിന്റെ കണ്ണിലെ കരടായി.

2010ല്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതി തീരുമാനപ്രകാരം 2014 ഏപ്രില്‍വരെ വില പുതുക്കേണ്ടെന്ന നിലപാടിലായിരുന്നു ജയ്പാല്‍ റെഡ്ഡി. ഇതോടെ വെട്ടിലായ റിലയന്‍സ് ഇതിനെ മറികടന്നത് കെ. ജി ബേസില്‍നിന്നുള്ള ഉല്‍പാദനം കുറച്ചുകൊണ്ടായിരുന്നു.

പ്രതിദിനം 54 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക്ക് മീറ്റര്‍ ഉത്പാദിപ്പിച്ചതിന് പകരം 27.5ലേക്ക് ഉല്‍പാദനം കുറഞ്ഞു. വാതക ഉല്‍പാദനത്തില്‍ വരുന്ന കുറവ് രാജ്യത്തെ ഊര്‍ജ ഉല്‍പാദനത്തിലും കുറവുണ്ടാക്കും. ഏകദേശം 45,000 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാരിന് ഇതിലൂടെ നഷ്ടം വന്നത്.

നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ നേരത്തേ സമീപിച്ചിരുന്നു. ഇതോടെ വിഷയം കേന്ദ്രമന്ത്രിസഭാ ഉപസമിതിക്കു മുന്‍പാകെ വീണ്ടും എത്തി.

തുടര്‍ന്ന് തര്‍ക്കം അറ്റോര്‍ണി ജനറലിന് കൈമാറാന്‍ തീരുമാനിച്ചു. എന്നാല്‍ വിഷയം നിയമപരമല്ലെന്നും നയപരമായി തീരുമാനമെടുക്കണമെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ നിലപാട്.

ഇതേസമയത്ത് തന്നെയാണ് ജയ്പാല്‍ റെഡ്ഡി കെ.ജി.ഡി 6 ബ്ലോക്കിന്റെ ഓഡിറ്റിങ് സി.എ.ജിയെ ഏല്‍പ്പിക്കുന്നത്. ഇതോടെ റിലയന്‍സിന്റെ ശത്രുത വര്‍ധിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഡിറ്റിങ് സി.എ.ജി നടത്തേണ്ടതില്ലെന്നായിരുന്നു റിലയന്‍സ് ഇതിനെതിരെ വാദിച്ചത്. എന്നാല്‍ ഉല്‍പാദന പങ്കാളിത്ത കരാര്‍ പ്രകാരം സി.എ.ജി ഓഡിറ്റ് ആകാമെന്നായിരുന്നു ജയ്പാല്‍ റെഡ്ഡിയുടെ നിലപാട്.

ഇങ്ങനെ ജയ്പാല്‍ റെഡ്ഡിയും റിലയന്‍സും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം ജയ്പാല്‍ റെഡ്ഡിക്ക് പെട്രോളിയം വകുപ്പ് നഷ്ടപ്പെടുന്നതില്‍ കൊണ്ടെത്തിച്ചു. റിലയന്‍സിന്റെ സമ്മര്‍ദ്ദം മൂലമാണ് ജയ്പാല്‍ റെഡ്ഡിക്ക് വകുപ്പ് നഷ്ടമായതെന്നാണ് അണിയറയിലുള്ള സംസാരം. വീരപ്പ മൊയ്‌ലിക്കാണ് ഇപ്പോള്‍ പെട്രോള്‍ വകുപ്പിന്റെ ചുമതല.

നേരത്തേ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്തും സമാന രീതിയിലുള്ള സംഭവുമുണ്ടായിരുന്നു. അന്ന് പെട്രോളിയം മന്ത്രിയായിരുന്ന മണിശങ്കറിനും ഇതേ അവസ്ഥ തന്നെയായിരുന്നു ഉണ്ടായിരുന്നത്. റിലയന്‍സുമായി ഉടക്കിലായിരുന്ന മണി ശങ്കറിനെ മാറ്റി മുകേഷ് അംബാനിക്ക് പ്രിയങ്കരനായ മുരളി ദേവ്‌റയെ തല്‍സ്ഥാനത്ത് നിയോഗിച്ചായിരുന്നു മുകേഷ് തന്റെ നിലനില്‍പ്പ് കൂടുതല്‍ ഭദ്രമാക്കിയത്.

We use cookies to give you the best possible experience. Learn more