| Wednesday, 19th June 2024, 9:39 am

ബക്രീദ് ബലിയിൽ നിന്ന് 'സംരക്ഷണം'; 15 ലക്ഷം രൂപ നൽകി 125 ആടുകളെ വാങ്ങി ജൈനന്മാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബക്രീദിനോടനുബന്ധിച്ച് വിൽക്കാൻ വെച്ച ആടുകളുടെ ‘രക്ഷകരായി’ ദൽഹിയിലെ ജൈനമത വിശ്വാസികൾ. ദൽഹിയിലെ ചാന്ദിനി ചൗക്കിലെ ജൈന സമുദായത്തിലെ ആളുകൾ ബക്രീദിനോടനുബന്ധിച്ച് വിൽക്കാനിരുന്ന ആടുകളെ ‘സംരക്ഷിക്കാനായി’ മുസ്‌ലിം വേഷധാരികളായി എത്തുകയായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം അയച്ച് രാജ്യത്തെ വിവിധ ജൈനമത വിശ്വാസികളിൽ നിന്ന് 15 ലക്ഷം രൂപയോളം പണം സമാഹരിച്ചാണിവർ എത്തിയത്. 25 പേരോളം അടങ്ങുന്ന സംഘം മുസ്‌ലിം വേഷത്തിൽ ചന്തയിൽ എത്തുകയായിരുന്നു. തുടർന്ന് 124 ആടുകളെ വാങ്ങുകയും ചെയ്തു.

ദൽഹിയിൽ അക്കൗണ്ടന്റായ വിവേക് ജൈൻ എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആടുകളെ വാങ്ങാനിറങ്ങിയത്.
ബക്രീദിന് ആടുകളെ കശാപ്പ് ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഗുരുവായ സഞ്ജീവാണെന്ന് വിവേക് പറഞ്ഞു.

ആടുകളെ വാങ്ങുന്നതിന് മുമ്പ് വ്യക്തമായ സർവേകൾ നടത്തിയിരുന്നെന്നും വിവേക് ജൈൻ പറഞ്ഞു. മുസ്‌ലിം വേഷങ്ങൾ ധരിക്കുകയും തുടർന്ന് ദൽഹിയിലെ ജുമാ മസ്ജിദ്, മീന ബസാർ എന്നിവയുൾപ്പെടുന്ന മാർക്കറ്റുകളിൽ പോയി വിലയും മറ്റ് വിവരങ്ങളും അന്വേഷിച്ചു.

ഒരാടിന് ശരാശരി 10000 രൂപ കൊടുത്താണിവർ വാങ്ങിയത്. പിന്നീട് വിഷയം അവർ തന്നെ മാധ്യമങ്ങളെ അറിയിക്കുകയും സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജൈൻ എന്ന ഹാഷ് ടാഗോടെ വാർത്ത വലിയ തോതിൽ പ്രചരിക്കാൻ തുടങ്ങി.

‘ഞങ്ങൾ ഭയന്നിട്ടല്ല, കച്ചവടക്കാരിൽ നിന്നും കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഇത്തരമൊരു വേഷം സ്വീകരിച്ചത്. വാങ്ങുന്നവർ അമുസ്‌ലിം ആണെന്നറിഞ്ഞാൽ അവർ ഞങ്ങളെ പറ്റിക്കാനുള്ള സാധ്യതയേറെയാണ്. കൂടാതെ കഴിയാവുന്നത്ര ആടുകളെ ഞങ്ങൾക്ക് സംരക്ഷിക്കാനും സാധിച്ചു. ഇത് വലിയൊരു വിജയമാണ്. ഞങ്ങൾ ഇതിൽ ഏറെ സന്തോഷവാന്മാരാണ്,’ വിവേക് ജൈൻ പറഞ്ഞു.

ആടുകളെ ധരംപൂരിലെ ‘നയാ ജൈൻ മന്ദിറിലേക്ക്’ കൊണ്ടുപോയെന്നും ആ ഇടം തങ്ങൾ ആടുകളെ സംരക്ഷിക്കാനായി ഉപയോഗിക്കുമെന്നും വിവേക് കൂട്ടിച്ചേർത്തു. വിശ്വാസികൾക്ക് ആടുകളെ ദർശിക്കാനുള്ള സമയം അനുവദിക്കുമെന്നും വിവേക് പറഞ്ഞു. നയാ ജൈൻ മന്ദിറിലെ ക്ഷേത്രത്തിന്റെ ധർമശാലയിലാണ് ആടുകളെ പാർപ്പിച്ചിരിക്കുന്നത്. വിവാഹങ്ങളും മറ്റ് ചടങ്ങുകളും നടന്നിരുന്ന ഇടമായിരുന്നു അത്. ചടങ്ങുകളെല്ലാം മറ്റൊരിടത്തേക്ക് മാറ്റുകയും ധർമശാല പൂർണമായും ആട് സംരക്ഷണത്തിനായി ഉപയോഗിക്കുമെന്നും വിശ്വാസികൾ പറഞ്ഞു.

‘ഞങ്ങൾ ഇതിൽ അഭിമാനിക്കുന്നു. ഇത്തരമൊരു സാമൂഹ്യ സേവനം ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ആളുകളുടെ സംഭാവനയാണ് ഇത് സാധ്യമാക്കിയത്. ഞങ്ങളുടെ മതം പഠിപ്പിക്കുന്നത് സാമൂഹ്യക്ഷേമമാണ്. ചാന്ദിനി ചൗക്കിലെ ജൈന സമുദായത്തിന് ഇതൊരു അഭിമാന നിമിഷമാണ്,’ വിവേക് പറഞ്ഞു.
അതെ സമയം ഈ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ വന്നിട്ടുണ്ട്.

Content Highlight: jains pose as muslims to save 124 goats from bakrid sacrifice

We use cookies to give you the best possible experience. Learn more