| Saturday, 1st September 2018, 12:16 pm

നഗ്നനായി ഹരിയാന നിയമസഭയില്‍ പ്രസംഗിച്ച് വിവാദത്തിലായ ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ഷകാല സമ്മേളനത്തിനിടെ ഹരിയാന നിയമസഭയില്‍ പൂര്‍ണ്ണനഗ്‌നനായി നിന്ന് പ്രസംഗിച്ച

ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൃഷ്ണനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ വെച്ചായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.

1967ല്‍ മധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗര്‍ 1980 ല്‍, 13 ാമത്തെ വയസില്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്നാണ് മുനിദീക്ഷ സ്വീകരിച്ചത്. ലളിതജീവിതത്തിന്റെ ഭാഗമായി താന്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. 2016 ല്‍ പൂര്‍ണനഗ്നനായി ഹരിയാന നിയമസഭയില്‍ പ്രസംഗിച്ച സംഭവം അന്ന് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍


ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും എം.എല്‍.എമാരുടെയും സീറ്റുകള്‍ക്ക് മുകളിലായി ഡയസില്‍ കയറിനിന്നായിരുന്നു തരുണ്‍ സാഗര്‍ അന്ന് പ്രസംഗിച്ചിരുന്നത്. നിയസഭയില്‍ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉള്‍പ്പെടെ വിവിധ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു തരുണ്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ അടുത്ത ആളുകളായിരുന്നു.

നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി മന്ത്രി രാജ്‌നാഥ് സിങ്ങും തരുണ്‍ സാഗറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുനി തരുണ്‍ സാഗര്‍ ജി മഹാരാജിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി മോദി കുറിച്ചു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ എന്നും മാതൃകയാക്കുമെന്നും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം എന്നും ഓര്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

2013 ല്‍ ജയ്പൂരില്‍ ആര്‍.എസ്.എസിന്റെ സ്ഥാപകദിനാഘോഷ ചടങ്ങിനിടെ തരുണ്‍ സാഗറിനെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള മോദിയുടെ പ്രസംഗവും അന്ന് വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more