Film News
കള്ളക്കടത്തുകാരുടെ സഹായത്തോടെ മോനെ നന്നാക്കുന്ന അച്ഛന്‍; ജയിലറിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ
വിക്രത്തിന് ശേഷം തെന്നിന്ത്യന്‍ സിനിമ കൊണ്ടാടിയ തമിഴ് ചിത്രമാണ് ജയിലര്‍. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഒരു മാസം പിന്നിട്ടിട്ടും ബോക്‌സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. എന്നാല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ എച്ച്.ഡി. പതിപ്പ് ചോര്‍ന്നിരുന്നു. വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലുമാണ് പ്രിന്റ് പ്രചരിക്കുന്നത്.
പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും സജീവമാവുകയാണ്. കള്ളക്കടത്തുകാരുടേയും ക്രിമിനലുകളുടെയും കൂട്ടുപിടിക്കുന്ന മുത്തുവേല്‍ പാണ്ഡ്യനാണോ മകനെ നന്നാക്കാന്‍ പോകുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സ്വയം നന്നായിട്ട് മകനെ നന്നാക്കാനാണ് ട്രോളന്മാര്‍ മുത്തുവേല്‍ പാണ്ഡ്യനോട് പറയുന്നത്.
ഓഗസ്റ്റ് പത്തിനാണ് ജയിലര്‍ റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം ജയിലറിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്സ് 25ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ഇതിനോടകം 525 കോടി രൂപ നേടിക്കഴിഞ്ഞു.
ഓണം റിലീസുകള്‍ എത്തുന്നതിന് രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്തതും ജയിലറിന് ഗുണമായി. എന്നാല്‍ ഓണം റിലീസുകള്‍ എത്തിയിട്ടും ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചില്ലെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ഒന്നിന്റെ’ കളക്ഷനെ മറികടന്നതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന പദവി ജയിലര്‍ സ്വന്തമാക്കി കഴിഞ്ഞിരുന്നു. തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോഡ് ആയ എന്തിരന്‍ 2.0 യെ ജയിലര്‍ മറികടകുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
രജനികാന്ത് തന്നെ നായകനായ ഷങ്കറിന്റെ 2.0 യുടെ കളക്ഷന്‍ 665.8 കോടിയാണ്. മൂന്നാം സ്ഥാനത്തുള്ള പൊന്നിയിന്‍ സെല്‍വന്‍ ഒന്ന് 492 കോടി, നാലാം സ്ഥാനത്തുള്ള വിക്രം 432 കോടി എന്നിങ്ങനെയാണ് തുടര്‍സ്ഥാനങ്ങള്‍. ജയിലറിന് ഇപ്പോഴും മികച്ച തിയേറ്റര്‍ ഒക്യുപ്പന്‍സി ഉണ്ട്.
തമിഴ് സിനിമയിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടിയ ചിത്രം, അതിവേഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 150 കോടി കളക്ഷന്‍ നേടിയ ചിത്രം, ഒരാഴ്ചയ്ക്കുള്ളില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രം, 2023-ലെ ഏറ്റവും ഉയര്‍ന്ന തമിഴ് ഗ്രോസര്‍ എന്നിങ്ങനെയുള്ള റെക്കോഡുകളും ജയിലര്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന നിലയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ജയിലര്‍ ഉള്ളത്. കമല്‍ഹാസന്റെ വിക്രമാണ് ഒന്നാമത്. വരും ദിവസങ്ങളില്‍ ഈ റെക്കോഡും ചിത്രം മറികടക്കുമെന്നാണ് കരുതുന്നത്.
കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, തമന്ന, യോഗി ബാബു തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Jailer trolls became viral on social media