ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലര്‍ സമാനതകള്‍ ഇല്ലാതെ കളക്ഷന്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ. ജയിലറിന്റെ നിര്‍മാതാക്കളായ സണ്‍ പികിചേഴ്‌സ് ഓഗസ്റ്റ് 25ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം ഇതിനോടകം 525 കോടി രൂപ നേടിക്കഴിഞ്ഞു.
ഇപ്പോഴിതാ ജയിലറിന്റെ ലാഭവിഹിതത്തില്‍ നിന്നും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തിരിക്കുകയാണ്.
ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കിയത്.
സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ഈ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങില്‍ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കൂറ്റന്‍ കേക്കും മുറിച്ചു. തുടര്‍ന്ന് എല്ലാം അണിയറക്കാര്‍ക്കും ഭക്ഷണവും നല്‍കിയിരുന്നു. കലാനിധി മാരനും, നെല്‍സണും ടെക്‌നീഷ്യന്മാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് പരിപാടി അവസാനിച്ചത്.
കഴിഞ്ഞ ദിവസം സണ്‍ പിക്ചേഴ്സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡിക്ക് 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയക്കുള്ള തുക കൈമാറിയിരുന്നു.
ചിത്രം നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലത്തിന് പുറമെ രജനികാന്തിനും സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകനും ഒരു തുകയും ബി.എം.ഡബ്യു കാറും, പോര്‍ഷെ കാറും സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് കൈമാറിയിരുന്നു.
അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് മുമ്പ് എച്ച്.ഡി ക്വാളിറ്റി പ്രിന്റുകള്‍ വ്യാജ ടോറന്റ് സൈറ്റുകളിലും, ടെലഗ്രാം ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
പ്രിന്റുകള്‍ ചോര്‍ന്നതിന് പിന്നാലെ എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളില്‍ സിനിമയുടെ നിര്‍മാണ കമ്പനിയായ സണ്‍ പികിചേഴ്‌സിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഇത്രയും വലിയ വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയുടെ എച്ച്.ഡി ക്വാളിറ്റി പ്രിന്റുകള്‍ ചോര്‍ന്നത് തിയേറ്ററില്‍ നിന്ന് സിനിമ കാണാന്‍ ആളുകളെ പിന്തിരിപ്പിക്കും എന്നാണ് വിമര്‍ശനം.
നിര്‍മാണ കമ്പനിയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഇത്തരത്തില്‍ പ്രിന്റുകള്‍ ചോര്‍ന്നതെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.