നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായി എത്തുന്ന ജയിലര്‍ നാളെ റിലീസ് ചെയ്യുകയാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിനായി ലോകമെങ്ങും ആഘോഷത്തോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്നത്.
രജിനികാന്ത് ചിത്രങ്ങളില്‍ മികച്ച ഓപ്പണിങ് കളക്ഷന്‍ ലഭിക്കുന്ന ചിത്രമാകും ജയിലര്‍ എന്നാണ് പ്രീ ബുക്കിങ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.
ജയിലര്‍ വിജയിക്കേണ്ടത് രജിനികാന്ത് ആരാധകരെ പോലെ തന്നെ ആവശ്യമുള്ള ഒരു കൂട്ടരാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന സിനിമാ പ്രേമികള്‍.
വേറിട്ട വഴിയിലൂടെ സ്വന്തം ശൈലി സൃഷ്ടിച്ചെടുത്ത സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കൊലമാവ് കോകിലയില്‍ തന്നെ വ്യത്യസ്തമായ ട്രീയ്റ്റ്‌മെന്റ് കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ബ്ലാക്ക് കോമഡി, ഡാര്‍ക്ക് കോമഡി ഴോണറില്‍ കഥ പറഞ്ഞു പോകുന്ന ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടര്‍ സിനിമാപ്രേമികള്‍ക്ക് പുത്തന്‍ അനുഭവം തന്ന ചിത്രമായിരുന്നു. അതിന് ശേഷം വന്ന വിജയ് നായകനായ ബീസ്റ്റ് ആവട്ടെ നെഗറ്റീവ് അഭിപ്രായമാണ് ഏറ്റുവാങ്ങിയത്.
ജയിലര്‍ പ്രഖ്യാപിച്ച ശേഷം ആയിരുന്നു ബീസ്റ്റ് റിലീസ് ചെയ്തത്. ബീസ്റ്റിന്റെ പരാജയം പരിഗണിച്ച് നെല്‍സണെ ജയിലറില്‍ നിന്ന് മാറ്റണമെന്ന് വരെയുള്ള ആവശ്യങ്ങള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്നു. പക്ഷെ അങ്ങനെയൊന്നും ഉണ്ടായില്ല.
ബീസ്റ്റിന്റെ പരാജയം ജയിലറില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷ നശിപ്പിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. അപ്പോഴും നെല്‍സണ്‍ ചിത്രം നന്നായി ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നു.
അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാളെ ജയിലര്‍ കാണുമ്പോള്‍ നെല്‍സണെ തള്ളണോ കൊള്ളണോയെന്ന് പ്രേക്ഷകര്‍ വിലയിരുത്തും.
നാളെ ജയിലര്‍ വിജയിച്ചാല്‍ തമിഴ് സിനിമയില്‍ പലര്‍ക്കും കുടുതല്‍ പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ഊര്‍ജമാകുമത്. അതിനൊപ്പം തന്നെ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ തള്ളി പറഞ്ഞവര്‍ക്കുള്ള നെല്‍സന്റെ മറുപടിയും.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം.
Content Highlight: Jailer releasing tommorrow is it the comeback for nelson dilepkumar