Entertainment news
ജയിലറിലെ 'ഹുക്കും' 17നെത്തും; വൈറലായി പ്രൊമോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 15, 01:45 pm
Saturday, 15th July 2023, 7:15 pm

രജിനികാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിലെ ആദ്യ ഗാനം ‘കാവാലയ്യ’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ജയിലറിലെ അടുത്ത ഗാനത്തിന്റെ പ്രോമോ റിലീസ് ആയിരിക്കുകയാണ്.

ഹുക്കും എന്ന ഗാനം ജൂലൈ 17നാണ് റിലീസ് ചെയ്യുക. രജിനികാന്തിന്റെ മാസ് ശബ്ദത്തില്‍ തുടങ്ങുന്നതാണ് പ്രൊമോ. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള പ്രൊമോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അതേസമയം ‘കാവാലയ്യാ’ ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ്. തമന്ന നിറഞ്ഞാടിയ ഈ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവെക്കുന്നത് നിരവധി പേരാണ്.


ഇതിനിടയില്‍ ഈ ഗാനത്തിന് ‘വക്ക വക്കയുമായി’ ബന്ധമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. ഷക്കീറയുടെ ഗാനത്തിന്റെ രംഗങ്ങളും തമന്നയുടെ ഗാനരരംഗങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടാണ് ട്രോളുകളില്‍ താരതമ്യം ചെയ്യപ്പെട്ടത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജിനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജിനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജിനി എത്തുന്നത്.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന താരങ്ങളും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍. വിജസ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി.ആര്‍.ഒ ശബരി.

Content Highlight: Jailer movie second single song promo goes viral on social media