നെല്‍സണ്‍ ദിലിപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായ ജയിലര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്.
വമ്പന്‍ പ്രതികരണമായിരുന്നു ആദ്യ ഷോ മുതല്‍ ചിത്രത്തിന് ലഭിച്ചത്. ലോകമെമ്പാടും ആഘോഷമായിട്ടാണ് സിനിമാപ്രേമികളും ആരാധകരും ചിത്രത്തെ വരവേറ്റത്.
ഇപ്പോഴിതാ ജയിലര്‍ രണ്ട് ദിനം കൊണ്ട് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ട്രാക്കര്‍മാരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് റെക്കോഡ് കളക്ഷനാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് രണ്ടാം ദിനവും ലഭിച്ചത്.
തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് കളക്ഷന്‍ ജയിലറിന്റെ പേരില്‍ ആയികഴിഞ്ഞു ട്രേഡ് അനലിസ്റ്റ് മനോബാലയുടെ ട്വീറ്റ് പ്രകാരം 29.46 കോടി രൂപയാണ് രജിനികാന്ത് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിനം നേടിയിരുന്നത്.
രണ്ടാം ദിനമായ ഇന്നലെ ആകട്ടെ 20.25 കോടിയാണ് ജയിലര്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത്. അങ്ങനെ രജനികാന്ത് ചിത്രം 49.71 കോടി തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് നേടികഴിഞ്ഞു.
അതേസമയം ചിത്രം കേരളത്തില്‍ നിന്ന് മാത്രം 5.5 കോടി രൂപ ആദ്യ ദിനം സ്വന്തമാക്കിയിരുന്നു. വിജയിക്കും കമല്‍ഹാസനും ശേഷം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 5 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന നടന്‍ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കി.
രണ്ടാം ദിവസവും കേരളത്തില്‍ നിന്ന് റെക്കോഡ് കളക്ഷന്‍ തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ വാരാന്ത്യം കഴിയുമ്പോള്‍ ചിത്രം കേരളത്തില്‍ റെക്കോഡ് തുക സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
ലോകമെമ്പാടും നിന്ന് ചിത്രം 90 കോടിയോളം രൂപയാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ വാരന്ത്യം കൂടി കഴിയുമ്പോള്‍ ചിത്രം സകല റെക്കോഡും തിരുത്തി കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.