| Thursday, 10th August 2023, 12:50 pm

ഏട്ടന് മലയാളത്തിൽ കിട്ടുമോ ഇജ്ജാതി ഷോട്ട്; ജയിലർ ഫാൻസ്‌ റിപ്പോർട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലർ FDFS കഴിഞ്ഞിറങ്ങുമ്പോൾ മികച്ച റിപ്പോർട്ടുകളാണ് പ്രേക്ഷകരിനിന്നും ലഭിക്കുന്നത്. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജിനികാന്ത് നായകനാകുന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

കാമിയോ റോളിൽ എത്തുന്ന മോഹൻലാലിന് കിടിലൻ ലുക്കും, മികച്ച ഷോട്ടും നൽകി നെൽസൺ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാലിന് മലയാളത്തിൽ പോലും കിട്ടാത്ത ഷോട്ടുകളാണ് നൽകിയിരിക്കുന്നതെന്നാണ്‌ ആരാധകർ അവകാശപ്പെടുന്നത്.

മോഹൻലാലിന്റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലും കിട്ടാത്ത സന്തോഷമാണ് അവസാന പത്തുമിനിട്ടിൽ കിട്ടിയതെന്നും മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കീഴിൽ ആരാധകർ കുറിച്ചു.

ഈയിടെ വൈറലായ മോഹൻലാലിന്റെ ജയിലറിലെ ലുക്കും ഒപ്പം അദ്ദേഹത്തിന്റെ തോൾചെരിച്ചുള്ള നടത്തത്തിനെയുമാണ് ആരാധകർ കൂടുതൽ എടുത്തുപറയുന്നത്. ‘മജെസ്റ്റിക് വാക്ക്, തിയേറ്റർ ബ്ലാസ്റ്റെഡ്’ എന്ന് ആരാധകൻ കുറിച്ചപ്പോൾ ‘വാലിബന് മുന്നെ നെൽസൺ ഒരു കൊടുങ്കാറ്റ് തന്നെ പരത്തിയിട്ടുണ്ട്’ എന്ന് മറ്റൊരു ആരാധകൻ കുറിച്ചു.

രജിനിയുടെ ചിത്രത്തിൽ വന്ന് അദ്ദേഹത്തെ സൈഡ് ആക്കിയെന്നാണ് ആരാധകർ പറയുന്നത്. മോഹൻലാനിനെയും അദ്ദേഹത്തിന്റെ സ്റ്റൈലിനെയും പരമാവധി നെൽസൺ പ്രയോജനപ്പെടുത്തിയെന്നും ആരാധകർ മോഹൻലാലിന്റെ ചിത്രത്തിന് കീഴിൽ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒടുവിൽ ലാലേട്ടൻ ഒരു മികച്ച ചിത്രത്തിൻറെ ഭാഗമായെന്നും അതൊരു കിടുക്കൻ വേഷമായിരുന്നെന്നും ആരാധകർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, തരുൺ മൂർത്തി തുടങ്ങിയവർ രജനികാന്തും മോഹൻലാലും ഒരുമിച്ചുള്ള ജയിലറിലെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിലെ എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് വിനായകന്റേത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിനായകൻ എത്തുന്നത്. അദ്ദേഹത്തിന്റെ ടെറർ വില്ലനിസത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. മികച്ച പ്രകടനമാണ് വിനായകൻ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നതെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം.

അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതം സിനിമക്ക് പുത്തൻ അനുഭവം തിയേറ്ററിൽ നൽകുന്നുവെന്നും അഭിപ്രായമുണ്ട്.

ഫൈറ്റ് രംഗങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റായി മറ്റ് ചിലർ എടുത്ത് പറയുന്നത്. ബീസ്റ്റിന് ശേഷമുള്ള ചിത്രമെന്ന നിലയിൽ ജയിലറിന് ലഭിക്കുന്ന അഭിപ്രായങ്ങൾ സിനിമാപ്രേമികൾ ഉറ്റുനോക്കിയിരുന്നതാണ്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.

തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യ കൃഷ്ണൻ, വിനായകൻ, ശിവരാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ.

Content Highlights: Jailer movie Mohanlal role fans report

We use cookies to give you the best possible experience. Learn more