|

വേട്ട അവസാനിപ്പിച്ച് ജയിലര്‍; ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്‍സണ്‍ ദിലിപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായി എത്തിയ ജയിലര്‍ തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഓഗസ്റ്റ് 9ന് തിയേറ്ററില്‍ എത്തിയ ചിത്രം ലോകമെമ്പാടും പ്രദര്‍ശനം അവസാനിക്കുമ്പോള്‍ ബോക്‌സ്ഓഫീസില്‍ നേടിയ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചിത്രം വേള്‍ഡ് വൈഡ് കളക്ഷനായി 635 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രം നേടിയത് 205കോടി രൂപയാണ്. കേരളത്തില്‍ നിന്നും 58 കോടി രൂപ നേടിയപ്പോള്‍ ആന്ധ്രാ തെലങ്കാനയില്‍ നിന്ന് ജയിലറിന് 88 കോടി രൂപയും സ്വന്തമാക്കന്‍ കഴിഞ്ഞു. കര്‍ണാടകയില്‍ നിന്ന് ജയിലറിന് കളക്ഷനായി സ്വന്തമാക്കാന്‍ കഴിഞ്ഞത് 71 കോടി രൂപയാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ജയിലറിന് 17 കോടിയും, ഇന്ത്യ ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നായി ചിത്രം 195 കോടിയോളം രൂപയും കളക്ഷനായി നേടി.

പ്രമുഖ സിനിമാ ട്രാക്കിങ് പേജുകള്‍ എല്ലാം തന്നെ ജയിലര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ജയിലര്‍ തമിഴിലെ എക്കാലത്തെയും പണംവാരി ചിത്രങ്ങളുടെ പട്ടികയിലേക്കാണ് എത്തിയിരിക്കുന്നത്.

ഇനി റിലീസ് ചെയ്യാനുള്ള വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ ഇതിനെ മറികടക്കുമോ എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Content Highlight: Jailer movie final collection report