രജിനി റാംപേജ്; തിങ്കളാഴ്ചയും തളരാതെ ജയിലര്‍: ഇതുവരെ നേടിയത്
Entertainment news
രജിനി റാംപേജ്; തിങ്കളാഴ്ചയും തളരാതെ ജയിലര്‍: ഇതുവരെ നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th August 2023, 8:59 am

നെല്‍സണ്‍ ദിലിപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായ ജയിലര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്.

വമ്പന്‍ പ്രതികരണമായിരുന്നു ആദ്യ ഷോ മുതല്‍ ചിത്രത്തിന് ലഭിച്ചത്. ലോകമെമ്പാടും ആഘോഷമായിട്ടാണ് സിനിമാപ്രേമികളും ആരാധകരും ചിത്രത്തെ വരവേറ്റത്.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ആദ്യ തിങ്കളാഴ്ച നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സാധാരണ ഒരു ബിഗ് ബജറ്റ് സിനിമ റിലീസ് ചെയ്ത ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ച വളരെ പ്രധാനമാണ്.

വര്‍ക്കിങ് ഡേ ആയത് കൊണ്ട് തന്നെ ‘മണ്‍ഡേ ടെസ്റ്റ്’ പാസ് ആയാല്‍ മാത്രമേ ആ ആഴ്ച ചിത്രത്തിന് ഹോള്‍ഡ് ഓവര്‍ ലഭിക്കുകയുള്ളൂ.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ മണ്‍ഡേ ടെസ്റ്റും പാസായി എന്നതണ്. ചിത്രത്തിന് തിങ്കളാഴ്ചയും മികച്ച കളക്ഷനാണ് ലഭിച്ചത്.

ട്രേഡ് അനലിസ്റ്റ് മനോബലയുടെ ട്വീറ്റ് പ്രകാരം തിങ്കളാഴ്ച മാത്രം തമിഴ്‌നാട്ടില്‍ നിന്ന് ജയിലര്‍ നേടിയത് 15.70 കോടി രൂപയാണ്. അടുത്ത കാലങ്ങളില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും നന്നായി ആദ്യത്തെ തിങ്കളാഴ്ച പെര്‍ഫോമന്‍സ് നടത്തിയ ചിത്രമാണ് ജയിലര്‍ എന്നും അദ്ദേഹം പറയുന്നു.

ഇതോടെ ചിത്രത്തിന്റെ അഞ്ച് ദിവസത്തെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമുള്ള ഗ്രോസ് 122.83 കോടി രൂപയാണ്.

ആന്ധ്രായിലും തെലുങ്കാനയിലും നിന്നായി ചിത്രം 30 കോടി രൂപയും, കേരളത്തില്‍ നിന്ന് ചിത്രം 23.65 കോടിയും ചിത്രം നാല് ദിവസം കൊണ്ട് സ്വന്തമാക്കിയിരുന്നു.

കര്‍ണാടകയില്‍ നിന്ന് ചിത്രത്തിന് നാല് ദിവസം കൊണ്ട് നേടാനായത് 26.5 കോടി രൂപയാണ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ജയിലര്‍ 4.8 കോടി രൂപയും സ്വന്തമാക്കി.

കേരളത്തില്‍ ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം റിലീസ് ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച ചിത്രം 6.85 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. തിങ്കളാഴ്ച ചിത്രം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതെയുള്ളൂ.

വിദേശത്തും ജയിലറിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. വമ്പന്‍ കളക്ഷനാണ് രജിനി ചിത്രം വിദേശ രാജ്യങ്ങളിലും സ്വന്തമാക്കുന്നത്.

ഇന്നത്തെ സ്വാതന്ത്ര്യ ദിന അവധിയും ചിത്രത്തിന് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Jailer movie collection latest update