നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജിനികാന്ത് നായകനായി എത്തുന്ന ജയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസർ ബോർഡ് വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. പതിനൊന്ന് സീനുകളിലാണ് സെൻസർ ബോർഡ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. ചില സീനുകളുടെ ദൈർഘ്യം കുറയ്ക്കാനും വയലൻസ് കാണിക്കുന്ന സീനുകളിൽ രക്തം കാണുന്നതിന്റെ അളവ് കുറയ്ക്കാനുമാണ് ബോർഡിന്റെ നിർദേശം. എന്നാൽ പ്രേക്ഷകർ ചർച്ചയാക്കുന്നത് രജിനികാന്തും മോഹൻലാലും ശിവ രാജ്കുമാറും ഒന്നിച്ചെത്തുന്ന ഒരു സീൻ ആണ്.
മൂവരും ഒന്നിച്ചിരുന്ന് പുകവലിക്കുന്ന ക്ലോസ് അപ്പ് സീനിന്റെ ദൈർഘ്യം കുറയ്ക്കാൻ സെൻസർ ബോർഡിന്റെ നിർദേശമുള്ളത്. നായകനായ രജിനിയുടെ മുത്തുവും പ്രതിനായകനായ ശിവ രാജ്കുമാറിന്റെ നരസിംഹയും കാമിയോ റോളിലെത്തുന്ന മോഹൻലാലിന്റെ മാത്യുവും ഒരേ സീനിൽ വരണമെങ്കിൽ അതെന്തിനാകും എന്നാണ് സമൂഹമാധ്യമങ്ങളിലെ ചൂടുപിടിച്ച ചർച്ച.
സിനിമയുടെ അവസാനത്തോടടുക്കുമ്പോൾ കാണിക്കുന്ന ഈ സീൻ ഫ്ലാഷ് ബാക്ക് ആകുമെന്നും ഒരുവിഭാഗം പറയുന്നു. മലയാളത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യാൻ നിർദേശമുള്ളതിനാൽ മോഹൻലാൽ കഥാപാത്രം മലയാളിയാണെന്നും മാത്യൂ ആണ് ആ ഡയലോഗ് പറയുകയെന്നുമാണ് സോഷ്യൽ മീഡിയയിലെ തിയറികൾ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജിനികാന്തിനൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. മുത്തുവൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജിനി എത്തുന്നത്.
സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലറിൽ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ, വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വിക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്, രമ്യ കൃഷ്ണൻ, വിനായകൻ, ശിവാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി.ആർ.ഒ ശബരി.