| Monday, 28th October 2019, 9:22 am

ഉന്നാവോ കേസ് പ്രതിയായ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന് ദുരൂഹസാഹചര്യത്തില്‍ മരണം; മരിച്ചത് പെണ്‍കുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോ ലൈംഗികാക്രമണക്കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ മനോജ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ദല്‍ഹിയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. ഉന്നാവോ കേസിലെ പരാതിക്കാരിയുടെ ബന്ധുക്കളെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനോജ്.

മരണത്തില്‍ പരസ്പരവിരുദ്ധങ്ങളായ മൊഴികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളിലൊരാള്‍ പറയുമ്പോള്‍, മയക്കുമരുന്ന് അധികമായി ഉപയോഗിച്ചതാണു കാരണമെന്ന് കുല്‍ദീപിന്റെ വിശ്വസ്തരിലൊരാള്‍ പറയുന്നു.

പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബന്ധുക്കള്‍ രണ്ടുപേര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മനോജാണ് അപകടത്തിനു പിന്നിലെന്ന് പെണ്‍കുട്ടി ആരോപിച്ചു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

തുടര്‍ന്ന് മനോജിനും ട്രക്ക് ഉടമ, ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

അടുത്തിടയ്ക്കാണ് മനോജ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും അധികമായി ഉപയോഗിച്ചതിനെത്തുടര്‍ന്നു ശനിയാഴ്ച ഉന്നാവോയില്‍ നിന്ന് ലഖ്‌നൗവിലെ ആശുപത്രിയിലും അവിടെനിന്ന് ദല്‍ഹിയിലേക്കും കൊണ്ടുപോയതായി കുല്‍ദീപിന്റെ വിശ്വസ്തന്‍ പറയുന്നു.

ഇയാള്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. ടെലഗ്രാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദല്‍ഹിയിലെ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മനോജിനെ പ്രവേശിപ്പിച്ചതെന്നും ആറുമണിയോടെ മരണം സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്റെ സഹോദരന്മാര്‍ക്കെതിരായ കേസിനെക്കുറിച്ച് അഭിഭാഷകരോടു സംസാരിക്കാനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനോജ് ദല്‍ഹിയിലുണ്ടായിരുന്നെന്നാണ് കുല്‍ദീപിന്റെ മറ്റൊരു വിശ്വസ്തന്‍ പറയുന്നത്.

അതിനിടെ ഹൃദയാഘാതമുണ്ടായെന്നും ചികിത്സയ്ക്കിടെയാണു മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കുല്‍ദീപ്, സഹോദരന്‍ ജയ്ദീപ് തുടങ്ങി നാലുപേരാണ് ഉന്നാവോ കേസില്‍ തിഹാര്‍ ജയിലില്‍ക്കഴിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിലില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ രണ്ട് പൊലീസുകാരും ജയിലിലുണ്ട്.

കുല്‍ദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന മനോജാണ്, സെന്‍ഗാര്‍ സഹോദരന്മാരില്‍ ഏറ്റവും അപകടകാരിയെന്ന് മാഖി സ്വദേശികളെ ഉദ്ധരിച്ച് ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാവണ ഭക്തനായിരുന്ന മനോജിനെ ‘ലങ്കേഷ്’ എന്നാണു വിളിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more