| Saturday, 13th November 2021, 5:26 pm

ഗര്‍ഭച്ഛിദ്രം നടത്തിയുമായി ബന്ധപ്പെട്ട് നല്‍കിയ രേഖയിലെ പിഴവിന് തുര്‍ക്കിയില്‍ അധ്യാപികയ്ക്ക് രണ്ട് വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തുര്‍ക്കി: ഗര്‍ഭച്ഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് നല്‍കിയത് തെറ്റായ വിവരമാണെന്ന് ആരോപിച്ച കേസില്‍ തുര്‍ക്കിയിലെ രാഷ്ട്രീയ നേതാവിന്റെ ഭാര്യക്ക് രണ്ടര വര്‍ഷം തടവ് ശിക്ഷ.

വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ദിയാര്‍ബക്കറിലെ കോടതിയാണ് അധ്യാപികയായ ബസാക് ഡെമിര്‍താസിനും അവരുടെ ഡോക്ടര്‍ക്കും 30 മാസം തടവ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

2015 ല്‍ ഡെമിര്‍താസിന്റെ ഗര്‍ഭം അലസിപ്പിക്കുവാനായി രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. 2015 ഡിസംബര്‍ 11 നാണ് ഡോക്ടര്‍ അഞ്ച് ദിവസത്തെ മെഡിക്കല്‍ ലീവിന് വേണ്ടി ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇത് രേഖപ്പെടുത്തിയതാവട്ടെ നാല് ദിവസത്തിന് ശേഷം ഡിസംബര്‍ 14 നും. അതിന് ശേഷം 2015-2016 അധ്യയന വര്‍ഷത്തിന്റെ പകുതിയും ഡിമിര്‍ട്ടസ് ശമ്പളമില്ലാതെ അവധിയെടുത്തിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രേഖയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍ക്കും അധ്യാപികയ്ക്കുമെതിരെ വഞ്ചന കുറ്റം ചുമത്തിയത്.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലെ ചെറിയ പിശക് മൂലം ഇവര്‍ക്ക് രണ്ടര വര്‍ഷം തടവുശിക്ഷ വിധിച്ചത് ഭയാനകവും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധി നാച്ചോ സാഞ്ചസ് അമോര്‍ ട്വീറ്റ് ചെയ്തു. തുര്‍ക്കി നീതിന്യായ വ്യവസ്ഥ എത്തിപ്പെട്ടിരിക്കുന്ന ആശങ്കാജനകമായ ഭീകരാവസ്ഥയേയാണ് ഈ വിധി കാണിച്ചു തരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡെമിര്‍താസിന്റെ ശിക്ഷ അന്യായവും നിയമവിരുദ്ധവുമാണെന്ന് അവരുടെ അഭിഭാഷക സംഘം പറഞ്ഞു. കേസില്‍ നിയമപോരാട്ടം തുടരുമെന്നും അപ്പീല്‍ കോടതി ശിക്ഷ അസാധുവാക്കി നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഇവര്‍ പറഞ്ഞു.

സമീപകാലത്തായി തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട ആയിരക്കണക്കിന് രാഷ്ട്രീയക്കാര്‍, അക്കാദമിക് വിദഗ്ധര്‍, ജഡ്ജിമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ ഏറ്റവും ഉന്നതനായ വ്യക്തികളില്‍ ഒരാളാണ് കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എച്ച്.ഡി.പി) മുന്‍ നേതാവായ ഇവരുടെ ഭര്‍ത്താവ് സെലഹട്ടിന്‍ ഡെമിര്‍താസ്.

2015 ല്‍ എര്‍ദോഗന്റെ പാര്‍ലമെന്ററി ഭൂരിപക്ഷം മറികടക്കാനാവശ്യമായ സീറ്റുകളില്‍ വിജയിച്ചതോടെയാണ് സെലഹട്ടിന്‍ ഡിമിര്‍ട്ടസ് ജയിലില്‍ അടക്കപ്പെട്ടത്. ഭീകരവാദവുമായ ബന്ധപ്പെട്ട നൂറിലധികം കേസുകള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയെങ്കിലും അതെല്ലാം സെലഹട്ടിന്‍ നിഷേധിച്ചിരുന്നു.

യൂറോപ്യന്‍ മനുഷ്യാവകാശ കോടതി കഴിഞ്ഞ വര്‍ഷം സെലഹട്ടിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. സെലഹട്ടിന്റെ തടവ് ശിക്ഷ ജനാധിപത്യമൂല്യങ്ങളുടെ അന്തസത്തക്ക് വിരുദ്ധമാണെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാല്‍ മോചനം സാധ്യമായിരുന്നില്ല.

കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ ഭര്‍ത്താവിനെ കാണാന്‍ തന്നെയും മക്കളേയും അനുവദിക്കുന്നില്ലെന്ന് അടുത്തിടെ ബസാക് ഡെമിര്‍താസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more