ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കുമേലുള്ള എല്ലാതരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ ജനഹിതമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ വിജയമെന്ന് ബാരാമുള്ളയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും അവാമി ഇത്തേഹാദ് പാര്‍ട്ടിയുടെ നേതാവുമായ എഞ്ചിനീയര്‍ റാഷിദ്.
വടക്കന്‍ കശ്മീരിലെ ജനങ്ങളോടുത്ത നന്ദി താന്‍ അറിയിക്കുകയാണെന്നും കശ്മീരിലെ ജനങ്ങള്‍ക്കെതിരായ എല്ലാതരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെയുള്ള വിജയമാണ് തന്റേതെന്നും എഞ്ചിനിയര്‍ റാഷിദ് പറഞ്ഞു. ലോക്‌സഭാ വിജയത്തിന് ശേഷം ജയിലില്‍ നിന്നാണ് അദ്ദേഹം തന്റെ വിജയത്തെ കുറിച്ച് സംസാരിച്ചത്.
വിജയത്തിന് തൊട്ടുപിന്നാലെ, റാഷിദ് തന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു. ‘പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന’ എല്ലാ വിഭാഗം ജനങ്ങളേയും പ്രതിനിധീകരിക്കുന്നത് തുടരുമെന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് താന്‍ ഉറപ്പ് നല്‍കുന്നതായി റാഷിദ് പറഞ്ഞു.
ജമ്മു കശ്മീരില്‍ ഇപ്പോഴുള്ളത് ശ്മശാനത്തിന് സമാനമായ നിശബ്ദതയാണ്. യഥാര്‍ത്ഥ സമാധാനവും ഈ നിശബ്ദതയും തമ്മിലുള്ള വ്യത്യാസം മോദി സര്‍ക്കാരും മറ്റു പ്രധാനപ്പെട്ടവരും മനസിലാക്കട്ടെ.
റിമോട്ട് കണ്‍ട്രോളിലൂടെ ജമ്മു കശ്മീരിനെ നിയന്ത്രിക്കുന്ന നയം ഇനിയും തുടരരുത്. ആത്മപരിശോധനയ്ക്ക് ഭരണകൂടം തയ്യാറാകണം. ജമ്മു കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചേ മതിയാകൂ. അതിനുള്ള തെരഞ്ഞെടുപ്പ് ഫലമാണ് ജനങ്ങള്‍ നല്‍കിയത്.
കശ്മീരികള്‍ ഇന്ത്യയുടെ ശത്രുക്കളോ മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രതിനിധികളോ അല്ല. എന്നാല്‍ വ്യാജമായ പ്രചരണങ്ങളിലൂടെ അവരെ അസ്വീകാര്യരാക്കി, വില്ലന്മാരാക്കി ചിത്രീകരിക്കുകയാണെന്നും റാഷിദ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അവസാനിച്ചു കഴിഞ്ഞു. ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി പ്രവര്‍ത്തിക്കേണ്ട സമയമാണ്. കശ്മീരിന്റെ ആവശ്യത്തിനായി രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കേണ്ടിയിരിക്കുന്നു.
ഭിക്ഷാടകരെന്ന നിലയിലല്ല ജമ്മു കശ്മീരിലെ പൗരന്മാരെ പരിഗണിക്കേണ്ടത്. എല്ലാ തരത്തിലും മറ്റുള്ളവരെപ്പോലെ അവര്‍ക്കും പരിഗണന ലഭിക്കേണ്ടതുണ്ട്.
നമുക്കെല്ലാവര്‍ക്കും നമ്മുടെ വ്യക്തിപരമായ അഹന്തകള്‍ മറക്കാം, കശ്മീരികളുടെ കഷ്ടപ്പാടുകളും അവരുടെ ആഗ്രഹങ്ങളും നമ്മുടെ വ്യക്തിപരമായ അജണ്ടകളേക്കാള്‍ വളരെ വലുതാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കാം,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തോല്‍പ്പിച്ച് രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റാഷിദ് ബാരാമുള്ളയില്‍ നിന്ന് വിജയിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്.
നിലവില്‍ തീവ്രവാദ ഫണ്ടിംഗ് കേസില്‍ ദല്‍ഹി തിഹാര്‍ ജയിലിലാണ് എഞ്ചിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുള്‍ റാഷീദ്. 2019 ലാണ് റാഷിദിനെ ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദ-ധനസഹായ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്.
അദ്ദേഹത്തിന്റെ മക്കളായ അബ്രാര്‍ റഷീദും അസ്രാര്‍ റാഷിദുമാണ് റാഷിദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. റാലികളില്‍ കണ്ട വന്‍ ജനക്കൂട്ടം റാഷിദിന് വോട്ടായി മാറുമെന്ന് നേരത്തെ അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
2008 ലും 2014 ലും ലാംഗേറ്റ് അസംബ്ലി സെഗ്മെന്റില്‍ വിജയിക്കുകയും 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു റാഷിദ്. അവാമി ഇത്തേഹാദ് പാര്‍ട്ടിയെ നയിക്കുന്നുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം സ്വതന്ത്രനായാണ് മത്സരിച്ചത്.
2008 ല്‍ സര്‍ക്കാര്‍ സര്‍വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയ റാഷിദ് ജമ്മു കശ്മീരില്‍ നിന്ന് യു.എ.പി.എ ചുമത്തപ്പെടുന്ന ആദ്യ മുഖ്യധാരാ നേതാവ് കൂടിയാണ്.
Jailed MP Engineer Rashid on His Win from Baramulla