| Tuesday, 7th April 2020, 7:51 pm

ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായേക്കും; ലാലുവിനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരോള്‍ കാര്യങ്ങള്‍ ആലോചനയില്‍. ജാര്‍ഖണ്ഡില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലാലുവിന് റാഞ്ചിയിലെ ജയിലില്‍നിന്നും പരോള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ലാലു പ്രസാദ് യാദവിനെ ജയിലില്‍നിന്നും പ്രവേശിപ്പിച്ചിരിക്കുന്ന റാഞ്ചിയിലെ രാജേന്ദ്ര ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള ഐസൊലേഷന്‍ വാര്‍ഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പരോള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആലോചിക്കുന്നത്. വിഷയത്തില്‍ ഉടന്‍ തീരുമാനമാകുമെന്നാണ് വിവരം.
ജാര്‍ഖണ്ഡില്‍ ഇതുവരെ നാലുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ലാലു പ്രസാദിന്റെ ഭാര്യയും ബീഹാറിന്റെ മുന്‍ മുഖ്യമന്ത്രിയുമായ റബ്രി ദേവി സുപ്രീംകോടതി വിധി കണക്കിലെടുത്ത് ലാലുവിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം തങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും ജയില്‍, ആശുപത്രി അധികൃതരോട് ചര്‍ച്ച ചെയ്യുന്നതിന് പുറമെ നിയമപരമായ അഭിപ്രായവും തേടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് 2017 ഡിസംബറിലാണ് ലാലു പ്രസാദ് യാദവ് ജയിലിലടക്കപ്പെട്ടത്.

രക്തസമ്മര്‍ദ്ദം, വിട്ടുമാറാത്ത വൃക്ക രോഗം, ഹൈപ്പര്‍ട്രോഫി തുടങ്ങിയ രോഗങ്ങളുണ്ട് ഇദ്ദേഹത്തിന്. ജയിലില്‍വെച്ച് ഹൃദ്രോഗത്തിന് ശസ്ത്രക്രിയകളും നടത്തിയിരുന്നു

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more