World News
ശിരോവസ്ത്രം ധരിക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിരാഹാരം അവസാനിപ്പിച്ച് നോബേൽ പുരസ്‌കാര ജേതാവ്
ടെഹ്റാൻ: ശിരോവസ്ത്രം ധരിക്കാതെ വൈദ്യ സഹായം ലഭ്യമാക്കിയതിനെ തുടർന്ന് ഇറാനിലെ തടവറയിൽ കഴിയുന്ന സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദലി നിരാഹാരം അവസാനിപ്പിച്ചതായി ബന്ധുക്കൾ.
ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള നർഗീസിനെ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് നർഗീസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ബന്ധുക്കൾ അറിയിച്ചു.
‘നിർബന്ധിത ശിരോവസ്ത്രം ധരിക്കാതെ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഞാൻ നിരാഹാരം അവസാനിപ്പിച്ചു,’ നർഗീസിനെ ഉദ്ധരിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ബന്ധുക്കൾ പോസ്റ്റ് ചെയ്തു.
നർഗീസിനും സഹ തടവുകാർക്കും ലഭിക്കുന്ന വൈദ്യ സഹായത്തിലെ അപര്യാപ്തതയിലും പൊതു ഇടങ്ങളിൽ സ്ത്രീകൾ തലമുടി മറക്കണമെന്ന ആവശ്യത്തിലും പ്രതിഷേധിച്ചായിരുന്നു നർഗീസ് നിരാഹാരം ആരംഭിച്ചത്.
1979ൽ ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തെ തുടർന്നാണ് പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിക്കൽ നിർബന്ധമാക്കിയത്.
താൻ ഒരു സാഹചര്യത്തിലും ശിരോവസ്ത്രം ധരിക്കാൻ തയ്യാറല്ലെന്ന് നർഗീസ് പറഞ്ഞു.
‘നിർബന്ധിത ഹിജാബ് നിരോധിക്കുന്നത് വരെ തെരുവുകളിലൂടെ ഞാൻ ഇതുപോലെ നടക്കും. നിർബന്ധിത ഹിജാബ് ധരിക്കാത്ത ഞങ്ങളെ കാണുമ്പോൾ നിങ്ങൾ വിറങ്ങലിക്കും,’ നർഗീസിനെ ഉദ്ധരിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പറയുന്നു.
ഇറാനിൽ സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെ പോരാട്ടം നടത്തുന്ന നർഗീസിന് ഒക്ടോബറിലാണ് സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചത്.
മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി നർഗീസ് ജയിലിൽ കഴിയുന്നു.
2022 സെപ്റ്റംബറിൽ ശിരോവസ്ത്രം ധരിക്കാത്തതിന് പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22 കാരി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്ന് ഇറാനിൽ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവവും ടെഹ്റാനിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഹിജാബ് ധരിക്കാത്തതിന് മെട്രോയിൽ ആക്രമിക്കപ്പെട്ട് ഒരാഴ്ചയോളം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ 16കാരിയായ അമിതാ ഗർവാന്ദ് പിന്നീട് മരണപ്പെടുകയായിരുന്നു.
Content Highlight: Jailed Iranian Nobel Peace Price Winner Narges Mohammadi Ends Hunger Strike