| Tuesday, 17th September 2019, 10:49 pm

വീട്ടുതടങ്കല്‍ ലഘൂകരിച്ചു; ഫാറൂഖ് അബ്ദുള്ള തൊട്ടടുത്തു താമസിക്കുന്ന മകളെയും സഹോദരിയെയും കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പൊതുസുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തപ്പെട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള മകളെയും സഹോദരിയെയും കണ്ടെന്ന് റിപ്പോര്‍ട്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം ഓഗസ്റ്റ് അഞ്ചുമുതല്‍ അബ്ദുള്ള വീട്ടുതടങ്കലിലാണ്.

നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) നേതാവ് കൂടിയായ അബ്ദുള്ളയുടെ വീടിനു തൊട്ടടുത്ത കെട്ടിടത്തില്‍ത്തന്നെയാണു മൂത്തമകള്‍ സഫിയയും സഹോദരിയും താമസിക്കുന്നത്. ഇതേ വീട്ടില്‍ത്തന്നെയാണ് അബ്ദുള്ളയും താമസിക്കുന്നത്.

സ്വന്തം വീട്ടിലേക്ക് ഔദ്യോഗികമായി മെയിന്‍ ഗേറ്റില്‍ക്കൂടി പ്രവേശിക്കാന്‍ മകളെ അനുവദിക്കണമെന്നു കൂടി അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. ഈ വീട് ഓഗസ്റ്റ് അഞ്ചുമുതല്‍ ജയിലായി മാറ്റിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തടങ്കല്‍ ലഘൂകരിച്ചതിന്റെ ഭാഗമായാണ് സഫിയയെയും സഹോദരി സുരിയയെയും കാണാന്‍ അബ്ദുള്ളയ്ക്ക് അനുവാദം ലഭിച്ചത്. ഇന്നാണ് അദ്ദേഹം ഇരുവരെയും കണ്ടത്.

ഇന്ന് അബ്ദുള്ളയ്ക്കു മുറ്റത്തുകൂടി നടക്കാനുള്ള അനുവാദവും പത്രം വായിക്കാനും ടി.വി കാണാനുമുള്ള അനുമതിയും ലഭിച്ചിരുന്നു. ആറുമാസം വിചാരണ കൂടാതെ ജയിലില്‍ പാര്‍പ്പിക്കാനുള്ള വകുപ്പാണ് പൊതുസുരക്ഷാ നിയമപ്രകാരം മുന്‍ മുഖ്യമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അബ്ദുള്ള നിയമവിരുദ്ധമായാണ് തടവില്‍പ്പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആരോപിച്ച് എം.ഡി.എം.കെ നേതാവ് വൈകോ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അബ്ദുള്ളയെ തടവിലിടാനുള്ള നീക്കത്തെ സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി അപലപിച്ചിരുന്നു. ഫറൂഖ് അബ്ദുള്ള ഭീകരവാദിയല്ലെന്നും തരിഗാമി പറഞ്ഞു. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനൊരു വിദേശിയല്ല, ഫറൂഖ് അബ്ദുള്ളയോ മറ്റ് നേതാക്കളോ ഭീകരവാദികളുമല്ല. കശ്മീരിലെ ജനതയ്ക്കു മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തിനും സ്ഥിതി മോശമാണ്.’ അദ്ദേഹം പറഞ്ഞു.

പ്രത്യേക പദവി എടുത്തുമാറ്റുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം കാരണം കശ്മീര്‍ ജനതയുടെ ഐക്യം തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ‘ കശ്മീരിലെ സ്ഥിതിഗതികള്‍ എന്നെ ഞെട്ടിച്ചു. ജമ്മുകശ്മീര്‍ നേതാക്കള്‍ ഭരണഘടനാ ശില്പികളുമായുണ്ടാക്കിയ ധാരണകളെ എങ്ങനെയാണ് ഒരു തീരുമാനം മാറ്റിമറിച്ചതെന്നത് എന്നെ ഞെട്ടിച്ചു.’ അദ്ദേഹം വിശദീകരിക്കുന്നു.

‘നേതാക്കളും ജമ്മുകശ്മീര്‍ ജനതയും കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ച ബന്ധം ഇന്ന് തകര്‍ക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാറുമായി ഒരു സംവാദത്തിന്, ചര്‍ച്ചയ്ക്ക് ഒരു അവസരമല്ലാതെ മറ്റൊന്നും കശ്മീര്‍ ജനത ആഗ്രഹിക്കുന്നില്ല.’ എന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more