| Thursday, 2nd December 2021, 11:02 pm

കൊലപാതക്കേസില്‍ ശിക്ഷയനുഭവിക്കുന്ന മുന്‍ പാരലിംപിക്‌സ് താരം ഓസ്‌കര്‍ പിസ്റ്റോറിയസിന് ജയില്‍മാറ്റം; മാറ്റിയത് കൊല്ലപ്പെട്ട മുന്‍ കാമുകി റീവ സ്റ്റീന്‍കാംപിന്റെ വീടിനടുത്തേയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്ടൗണ്‍: കൊലപാതകക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ പാരലിംപിക്‌സ് താരം ഓസ്‌കര്‍ പിസ്റ്റോറിയസിനെ കൊല്ലപ്പെട്ട മുന്‍ ഗേള്‍ഫ്രണ്ട് റീവ സ്റ്റീന്‍കാംപിന്റെ വീടിനടുത്തേയ്ക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.

2013ല്‍ റീവയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലില്‍ കഴിയുന്ന പിസ്റ്റോറിയസിനെ ജോഹന്നാസ്ബര്‍ഗിലെ ജയിലില്‍ നിന്നും സൗത്ത് ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുള്ള ജയിലിലേയ്ക്കാണ് മാറ്റിയത്.

റീവയുടെ മാതാപിതാക്കളുമായി ഒത്തുതീര്‍പ്പിലെത്തി ജയില്‍ശിക്ഷയില്‍ ഇളവ് നേടിയെടുക്കാനാണ് നീക്കം. ഇര-അപരാധി ചര്‍ച്ച (വിക്റ്റിം-ഒഫന്റര്‍ ഡയലോഗ്) എന്ന പ്രക്രിയയുടെ ഭാഗമായായിരിക്കും റീവയുടെ മാതാപിതാക്കളായ ജൂണ്‍, ബാരി എന്നിവരുമായി പിസ്റ്റോറിയസ് സംസാരിക്കുക.

ദക്ഷിണാഫ്രിക്കയുടെ നീതിന്യായ വ്യവസ്ഥയിലെ ജയില്‍ സിസ്റ്റത്തിലെ നിര്‍ണായക ഭാഗമാണ് ഇര-അപരാധി ചര്‍ച്ച.

മുന്‍ സ്പിന്ററായ പിസ്റ്റോറിയസ് ഗേള്‍ഫ്രണ്ടും സൗത്ത് ആഫ്രിക്കന്‍ മോഡലുമായിരുന്ന റീവ സ്റ്റീന്‍കാംപിനെ 2013ല്‍ കൊലപ്പെടുത്തിയ കുറ്റത്തിന് 13 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്. 2013 ഫെബ്രുവരി 14ന് പിസ്റ്റോറിയസിന്റെ വീട്ടിലെ ബാത്‌റൂമില്‍ വെച്ചായിരുന്നു റീവ കൊല്ലപ്പെട്ടത്.

വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയതാണെന്ന് തെറ്റിദ്ധരിച്ച് റീവയെ വെടിവെച്ചതാണെന്നായിരുന്നു പിസ്റ്റോറിയസിന്റ വാദം.

പാരലിംപിക്‌സിലും ഒളിംപിക്‌സിലും പിസ്റ്റോറിയസ് പങ്കെടുത്തിട്ടുണ്ട്. നാഷണല്‍ ഹീറോ പരിവേഷത്തിലായിരുന്നു 2013ലെ കൊലപാതകത്തിന് മുമ്പ് വരെ പിസ്റ്റോറിയസ് ജീവിച്ചിരുന്നത്.

11ാം വയസില്‍ കാലുകള്‍ മുറിച്ച് മാറ്റപ്പെട്ട പിസ്റ്റോറിയസിനെ ‘ബ്ലേഡ് റണ്ണര്‍’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jailed former Paralympic athlete Oscar Pistorius moved closer to victim’s family

We use cookies to give you the best possible experience. Learn more