മെയ് ഇരുപത്തിമൂന്നിന്, ജെ.എന്‍.യു വിദ്യാര്‍ത്ഥിയും വിമന്‍ കളക്ടീവ് പിഞ്ച്റ തോഡ്സ് പ്രവര്‍ത്തകയുമായ ദേവാംഗന കലിതയേയും നടാഷ നര്‍വാളിനേയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. വടക്കുകിഴക്കന്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ടാണ് ദേവാംഗനയെയും നടാഷ നര്‍വാളിനെയും ദല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ജെ.എന്‍.യുവിലെ റിസര്‍ച്ച് സ്‌കോളര്‍മാരായ ഇരുവരും പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെയും ഭാഗമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്ന് തുടങ്ങിയ കുറ്റങ്ങളാണ് ആദ്യഘട്ടത്തില്‍ പൊലീസ് ആരോപിച്ചിരുന്നത്.
കലാപം, നിയമവിരുദ്ധമായ ഒത്തുകൂടല്‍, കൊലപാതകശ്രമം എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതുകൂടാതെ കലാപത്തിനു ആസൂത്രിത ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മറ്റൊരു കേസില്‍ യു.എ.പി.എയും ചുമത്തിയിരുന്നു. 2019 ഡിസംബറില്‍ സി.എ.എയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ദല്‍ഹിയിലെ ദര്യാഗഞ്ച് പ്രദേശത്ത് നടന്ന കലാപങ്ങളും അക്രമങ്ങളുമായി ബന്ധപ്പെടുത്തി കലിതയ്‌ക്കെതിരേ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് 2015ലാണ് ദേവാംഗന ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പിഞ്ച്ര തോഡ്(ബ്രേക്ക് ദ കേജ്) എന്ന കൂട്ടായ്മ രൂപീകരിച്ചത്. കോളെജ് ഹോസ്റ്റലുകള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് പിഞ്ച്‌റ തോഡ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ദേവാഗംന ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും ഈ വിദ്യാര്‍ത്ഥി സംഘടനയും വേട്ടയാടപ്പെട്ടിരുന്നു.
ദേവാംഗന ഒരു സുഹൃത്തിന് കഴിഞ്ഞ വര്‍ഷം ജയിലില്‍ നിന്നയച്ച കത്ത് റായോറ്റ്.ഇന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ സ്വതന്ത്ര പരിഭാഷയാണിത്.
അത്യസാധാരണമായ ഒരു സംഭവം ഇന്നലെ വൈകുന്നേരം ജയിലിലുണ്ടായി. മഴവില്ലുകളെ കുറിച്ചും മിന്നാമിന്നികളെ കുറിച്ചും എങ്ങനെയാണോ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതെന്ന് ഞങ്ങളാലോചിക്കുന്ന കാര്യം കഴിഞ്ഞ കത്തില്‍ എഴുതിയിരുന്നില്ലേ. മഴവില്ല് കാണാന്‍ എങ്ങനെയിരിക്കുമെന്നും എന്താണതിന്റെ നിറങ്ങളെന്നും ഇന്നലെ ഞാനവര്‍ക്ക് (രണ്ട് വയസുള്ള മൂന്ന് കുഞ്ഞുങ്ങള്‍ ഒരു ഭാഷയും സംസാരിക്കുന്നില്ല. രണ്ട് വയസുള്ള ഒരു കുഞ്ഞ് അല്പസ്വല്പം സംസാരിക്കും. പിന്നെ നാല് വയസുള്ള പെണ്‍കുട്ടികളാണ്, കലാപിലാ മിണ്ടുന്നവര്‍) വിശദീകരിക്കാന്‍ ശ്രമിച്ചു.
ഞങ്ങളുടെ കൈയ്യിലാണെങ്കിലാകട്ടെ ഒരു ചുവന്ന കളര്‍ പെന്‍സിലിന്റെ കഷ്ണം മാത്രമേയുള്ളൂ. അതുകാരണം പഴയ മാഗസിനുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും ബാക്കി നിറങ്ങള് കണ്ടുപിടിച്ച് അത് കീറി മഴവില്ലുണ്ടാക്കി. കുഞ്ഞുങ്ങള്‍ക്ക് ഭയങ്കര സന്തോഷവും കൗതുകവും. അതേ സമയം കണ്‍ഫ്യൂഷനും. ‘പക്ഷേ ആകാശത്തെങ്ങനെയാണ് ഇത്രേം നിറങ്ങളുണ്ടാവുക?’ (പര്‍ ആസ്മാന്‍ മേം ഇത്നേ സാരേ രംഗ് കൈസേ ഹോ സക്തേ ഹേം?’) ഏറ്റവും മുതിര്‍ന്നയാള്‍ ചോദിച്ചു കൊണ്ടേയിരുന്നു.
പൊടുന്നനെ, എങ്ങനെയെന്നറിയില്ല, അത് സംഭവിച്ചു. ഇന്നലെ വൈകുന്നേരം. സൂര്യനസ്തമിക്കുന്നത് തൊട്ടുമുമ്പ് നമ്മുടെ കണ്ണിന് മുന്നില്‍ മിന്നി മിന്നി തിളങ്ങുന്ന കണികകള്‍ നൃത്തം ചെയ്യുന്ന നേരത്തായിരുന്നു അത്. (ഓര്‍ക്കുന്നുണ്ടോ അതാദ്യമായി കണ്ടുപിടിച്ച വൈകുന്നേരം?) ആകാശം പതിവില്ലാത്ത വിധം നീലനിറത്തിലും തെളിഞ്ഞുമിരുന്നു. സായാഹ്ന പൊന്‍ വെയിലാകട്ടെ നേര്‍ത്തതും ഉല്ലാസമുള്ളതും. മേഘങ്ങള്‍ക്കിടയിലും പുറത്തുമായി ഒളിച്ച് കളിക്കുന്ന സൂര്യന്‍. അതിനൊപ്പം ഒരു ചെറുമഴചാറ്റലും. പ്രതീക്ഷയുടെ ഒരു നിമിഷം എന്നെ കടന്ന് പോയി. പക്ഷേ ആശിക്കാന്‍ എനിക്ക് പേടിയായിരുന്നു.
കുഞ്ഞുങ്ങളില്‍ ഏറ്റവും മുതിര്‍ന്നയാള്‍ അലറി വിളിച്ചു: ”ആന്റീ, നോക്ക്, മഴവില്ല്!’ അതേ, അവര്‍ ഞങ്ങളെ ആന്റീ എന്നാണ് വിളിക്കുന്നത്. അതില്‍ കുഴപ്പമൊന്നുമില്ല എന്നാണ് എനിക്കിപ്പോ തോന്നുന്നത്. അവരുടെ അമ്മമാമാരേക്കാള്‍ നാലഞ്ച് വയസിനെങ്കിലും മൂത്തതായിരിക്കും മിക്കവാറും നമ്മളെല്ലാം.
എന്റെ മുടി ധാരാളം നരയ്ക്കുന്നുവെന്ന് എല്ലാവരും എപ്പോഴും പറയുന്നുണ്ട്. അതൊക്കെ കറുപ്പടിച്ച് ശരിയാക്കണം. പക്ഷേ അതിനാദ്യം മുടിയൊന്ന് ചീകിയൊതുക്കണം. മുടിചീകലും മെടയലും നിറംപിടിപ്പിക്കലുമെല്ലാം സ്ത്രീകളുടെ ജയിലില്‍ ഒരു സാമൂഹിക കര്‍മ്മമാണ്.
അങ്ങനെ, ആകാശത്ത്, ശരിക്കും ഒരു മഴവില്ല്! ഉജ്ജ്വലമായ ആ കമാനത്തിന്റെ ഒരു തുണ്ട് ഞങ്ങളുടെ വാര്‍ഡിന്റെ പുറത്ത് സ്വയം അനാവരണം ചെയ്തിരിക്കുന്നു. കുട്ടികള്‍ ആവേശത്താല്‍ ദീപ്തരായി. കുറച്ചുകൂടി വ്യക്തമായ കാഴ്ചയ്ക്ക് വേണ്ടി അവരെ എടുത്തുയര്‍ത്താന്‍ മാറി മാറി ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ചുറ്റുപാടും ആഹ്ലാദം അലയടിച്ചു. പുറത്തേയ്ക്ക് വരാനും ആ മനോഹരദൃശ്യത്തിന് സാക്ഷിയാകാനും സ്ത്രീകള്‍ ശബ്ദമുയര്‍ത്തി പരസ്പരം വിളിച്ചുകൊണ്ടേയിരുന്നു.
മേഘങ്ങള്‍ നീങ്ങി പ്രസന്നനീലാകാശം കൂടുതല്‍ വെളിവായപ്പോള്‍ വളവൊട്ടാകെ പ്രദര്‍ശിപ്പിച്ച് കൊണ്ട് മുഴുവന്‍ മഴവില്ലും ഉദിച്ച് വന്നു. അന്നേരം കുഞ്ഞുങ്ങളുടെ കൂട്ടത്തിലേറ്റവും കുഞ്ഞന്‍, ഒരു ബ്രസീലിയന്‍ പയ്യന്‍, ഹല്ലേലൂയ എന്ന് അലറി- ഞങ്ങളെയെല്ലാം ആശ്ചര്യപ്പെടുത്തിയ കാര്യം, അതവന്റെ വായില്‍ നിന്ന് പുറത്ത് വന്ന ആദ്യത്തെ വാക്കായിരുന്നുവെന്നതാണ്. മൂന്ന് നാല് മാസം മുമ്പ് ആഫ്രിക്കക്കാരായ അന്തേവാസികള്‍ക്ക് വേണ്ടി കുറച്ച് ദിവസം നീണ്ട് നിന്ന ഉച്ചത്തിലുള്ള ക്രിസ്തീയ പ്രാര്‍ത്ഥകളില്‍ നിന്ന് അവന്റെ മനസിലുറച്ച് പോയ വാക്കായിരിക്കണം അത്.
ദേവാംഗന അയച്ച കത്ത്
മഴവില്ലിന്റെ, ഒരു മുഴുവന്‍ മഴവില്ലിന്റെ, ആഹ്ലാദം തീക്ഷണതയോടെ പടര്‍ന്നുപിടിച്ചു. അത്യധികമായ വൈകാരികാനുഭൂതിയായിരുന്നു അത്. ചിലര്‍ വ്യഗ്രതയോടെ പ്രാര്‍ത്ഥിക്കാനാരംഭിച്ചു. ചിലര്‍ കൈകളും തലയും ആകാശത്തേയ്ക്കുയര്‍ത്തിപ്പിടിച്ച് വിറച്ചു, ചിലര്‍ കരഞ്ഞു. ചിലര്‍ കണ്ണിമയ്ക്കാതെ നോക്കി നോക്കി നിന്ന് പുഞ്ചിരിച്ചു. ചിലര്‍ ദുവകളുരുവിട്ട് ദൈവങ്ങളോട് സംഭാഷണം ആരംഭിച്ചു.
ചിലര്‍ ദൈവത്തെ പഴിച്ചു. ചിലര്‍ ഇമകള്‍ ആവര്‍ത്തിച്ചടച്ച് ഏഴ് നിറങ്ങളും എണ്ണനാരംഭിച്ചു- അവിടെയുണ്ടോ അവയേഴും? ശരിക്കും അതെല്ലാം ഉണ്ടോ? ശരിക്കും? ആരോ ഇരുകൈകളും കോര്‍ത്ത് പിടിച്ച് എന്തോ ആഗ്രഹപൂര്‍ത്തിക്കായി പ്രാര്‍ത്ഥിച്ചു. മഴവില്ലിന് കുറുകെ പറന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളുടെ നിഴല്‍രൂപങ്ങള്‍, എന്റെ ഓര്‍മ്മയിലുള്ള ഏതോ നദിക്കരയിലെ ശീതകാല സായാഹ്നം പോലുണ്ടായിരുന്നു.
പല അന്തേവാസികളും ആദ്യമായാണ് മഴവില്ല് കാണുന്നത്- കഭി സോചാ നഹി ഥാ ജയില്‍ മേം ആകേ പഹ്ലി ബാര്‍ ദേഖൂംഗീ. തീര്‍ച്ചയായും എല്ലാ കുട്ടികളേയും സംബന്ധിച്ച് അത് ആദ്യത്തെ കാഴ്ചയായിരുന്നു. എന്റെ ഒരു കൂട്ടുകാരി അവരോട് പറഞ്ഞു-”ഇത് നമ്മുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ടിക്കറ്റാണ്. എവിടെയാണ് നമ്മുടെ ഈ പാതയുടെ അവസാനം ആരംഭിക്കുന്നതെന്ന് കണ്ടുപിടിക്കണം.”
അവിടെ ഒരു പ്രതീക്ഷയുണ്ടായി. വര്‍ദ്ധിതമായ പ്രതീക്ഷ. അപസ്വരങ്ങള്‍ നിറഞ്ഞ, അസാധ്യമായ പ്രതീക്ഷ. മറ്റെല്ലാം ഒരു നിമിഷത്തേയ്ക്ക് മാറ്റിവയ്ക്കപ്പെട്ടതായി തോന്നി- ആനന്ദം മാത്രം. എനിക്കാകട്ടെ ഏതാണ്ട് വിഷാദമാണ് തോന്നിയത്. ഒരു തോല്‍വി. ആഗ്രഹപൂര്‍ത്തീകരണം നല്‍കാനാവാത്ത മഴവില്ലിന്റെ കഴിവുകേട്. അനിവാര്യമായ ഒരു വഞ്ചനയാണത്, നൈമിഷികാന്ദത്തിന്റേത്.
വീണ്ടും ഞങ്ങളെ സെല്ലിലടക്കുന്നതിനുള്ള സമയമായി. അത് മനസിലാക്കിയിട്ടെന്ന വണ്ണം മഴവില്ല് മങ്ങി മറഞ്ഞു. കുട്ടികളാട്ടെ വീണ്ടും ആകാംക്ഷാഭരിതരായി. ‘ആന്റി വോ കഹാ ഗയാ, ആന്റീ അതെവിടെ പോയി? അതെന്താണ് പോയത്? നാളെ വരുമോ? എന്തുകൊണ്ടാണ് എപ്പോഴും ഇല്ലാത്തത്?
കത്തിനൊപ്പം സുഹൃത്തിനയച്ച ജയിലില്‍ നിന്നുള്ള പൂക്കള്‍
അണപൊട്ടി വന്ന ആ ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് തൃപ്തികരമായ ഉത്തരമില്ലായിരുന്നു. എന്തിന്, അടിസ്ഥാന ചോദ്യത്തിന്റെ ഉത്തരം പോലും എനിക്കറിയില്ലായിരുന്നു- അതെന്തുകൊണ്ടാണ് ആകാശത്തുണ്ടാകുന്നത്? എന്തുകൊണ്ടാണ് അഥവാ എങ്ങനെയാണ് മഴവില്ല് വരുന്നതും പോകുന്നതും? നിനക്കോര്‍മ്മയുണ്ടോ?
ഇന്ന് വൈകുന്നേരം എല്ലാ കുട്ടികളും ഞങ്ങളുടെ ഗ്രൗണ്ടില്‍ ആകാശത്തേയ്ക്ക് ഉറ്റുനോക്കി വട്ടം കൂടിയിരുന്നു- ഇന്നത് വരുമോ? വോ ആജ് ആയേഗാ ക്യാ? ഞാനപ്പോള്‍ ഒരു ശീതകാലത്ത് വീടിന്റെ അടുത്ത് നിന്ന് പരിചയപ്പെട്ട ഒരു മിടുക്കന്‍ പയ്യനെ ഓര്‍ത്തു. നമ്മുടെ പുരാതന നഗരത്തിന്റെ ആകാശങ്ങളിലവസാനം അവനൊരു മഴവില്ല് കണ്ടിരിക്കുമോ?
വ്യാജക്കേസില്‍ കുടുക്കി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിട്ട വര്‍ഷമാണ് 2020. പക്ഷേ ഇതേ വര്‍ഷമാണ് ആകാശത്ത് മഴവില്ലുകള്‍ കാണുന്നതും. അതും നമ്മുടെ പഴയ നഗരത്തിന്റെ മലീമസമായ ആകാശത്ത്. ഈ ജയിലിന്റെ ആകാശത്ത് പോലും, ഇനി ഞങ്ങള്‍ മിന്നാമിന്നിക്ക് വേണ്ടി കാത്തിരിക്കും.
പരിഭാഷ: ശ്രീജിത്ത് ദിവാകരന്‍
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Jailed anti CAA protester and activist Devangana Kalita’s letter to her friend- translated to Malayalam