പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു അഖില്‍ ഗൊഗോയിയെ 2019 ഡിസംബറില്‍ തടവിലാക്കുന്നത്. ജയിലില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം സിബ്‌സാഗറില്‍ നിന്നും മത്സരിച്ചത്. സിബ്‌സാഗറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരഭി രജ്‌കോന്‍വാരിയെയാണ് ഗൊഗോയി പരാജയപ്പെടുത്തിയത്. 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അഖില്‍ ഗൊഗോയി നേടിയിരിക്കുന്നത്.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും മാറ്റിയ ഗൊഗോയി നിലവില്‍ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരിക്കല്‍ പോലും നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ കഴിയാതിരുന്ന അഖില്‍ ഗൊഗോയിയുടെ വിജയം ചരിത്രസംഭവമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അസമില്‍ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയ സന്ദര്‍ഭത്തിലും അഖില്‍ ഗൊഗോയിയ്ക്ക് വിജയം നേടാനായത് രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരിക്കുകയാണ്. അസമില്‍ ആകെയുള്ള 126 സീറ്റില്‍ 58 സീറ്റില്‍ ബി.ജെ.പിയാണ് മുന്നില്‍ നില്‍ക്കുന്നത്. അസമില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നായിരുന്നു സര്‍വേ ഫലങ്ങളെല്ലാം പറഞ്ഞിരുന്നത്. അഖില്‍ ഗൊഗോയി വിജയിക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത്രയും മികച്ച ഭൂരിപക്ഷം ആരും പ്രവചിച്ചിരുന്നില്ല.
അസമില്‍ നിന്നുള്ള കര്‍ഷകനേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി. അഴിമതിയ്‌ക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്. ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തെത്തിയ അഖില്‍ ഗൊഗോയി സി.പി.ഐ.എം.എല്‍ നേതാവായ സന്തോഷ് റാണയോടൊപ്പമായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നതുന്‍ പഠതിക് എന്ന ഇടതുപക്ഷ മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ബ്രഹ്മപുത്രയുടെ പോഷകനദിയായ സുബാന്‍സിരി നദിയില്‍, പാരിസ്ഥിതികമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കൂറ്റന്‍ അണക്കെട്ടുകള്‍ പണിയാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ പദ്ധതിക്കെതിരെ 2009 ല്‍ നടന്ന ജനകീയ ചെറുത്തുനില്‍പ്പുകളുടെ മുഖമാവുകയായിരുന്നു അഖില്‍ ഗൊഗോയി. ആയിരക്കണക്കിന് കര്‍ഷകരാണ് അന്ന് അണക്കെട്ടിനെതിരായ സമരങ്ങളില്‍ അണിനിരന്നത്. അണക്കെട്ട് നിര്‍മാണത്തിനാവശ്യമായ സാധങ്ങളുമായി പോകുന്ന ട്രക്കുകള്‍ തടഞ്ഞുകൊണ്ട് ഗൊഗോയിയുടെ നേതൃത്വത്തില്‍ അന്ന് നടന്ന സമരങ്ങള്‍ ദേശീയ തലത്തില്‍ വരെ വലിയ ശ്രദ്ധ നേടിയിരുന്നു.
പിന്നീട് അണ്ണാ ഹസാരെയുടെ മുന്‍കൈയില്‍ ഇന്ത്യാ എഗയിന്‍സ്റ്റ് കറപ്ഷന്‍ എന്ന മുന്നേറ്റം രൂപംകൊണ്ടപ്പോള്‍ തുടക്കത്തില്‍ അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഗൊഗോയി പിന്നീട് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് പുറത്തുപോവുകയായിരുന്നു.
അഖില്‍ ഗൊഗോയിയെ മാവോയിസ്റ്റായി മുദ്രകുത്തിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് 2010 ഏപ്രിലില്‍ അസം ഭരണകൂടം പുറത്തുവിടുകയും അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അന്ന് ദേശീയ തലത്തില്‍ നിരവധി ആക്ടിവിസ്റ്റുകളാണ് അസം സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.
‘ഞാനൊരു കമ്യൂണിസ്റ്റാണ്, ഈ നാട്ടില്‍ സാമൂഹിക മാറ്റമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ഞാനൊരു മാവോയിസ്റ്റല്ല, എന്തുകൊണ്ടെന്നാല്‍ മാവോയിസ്റ്റുകള്‍ ബഹുജന മുന്നേറ്റങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു’, തനിക്ക് നേരെയുള്ള ആരോപണങ്ങളില്‍ അന്ന് അഖില്‍ ഗൊഗോയി പ്രതികരിച്ചത്.
കര്‍ഷകരുടെ പോരാട്ടത്തെ ആശയപരമായും രാഷ്ട്രീയപരമായും നേരിടാന്‍ സാധിക്കാത്തതിനാല്‍ ഭരണകൂടം മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി ഈ മുന്നേറ്റങ്ങളെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2019ല്‍ രാജ്യമെമ്പാടും പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസമില്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് അഖില്‍ ഗൊഗോയി ആയിരുന്നു. തുടര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് 2019 ഡിസംബര്‍ 8നാണ് അസമിലെ ജോര്‍ഹത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശേഷം മാവോയിസ്റ്റ് ബന്ധം കൂടി ആരോപിച്ച് കേസ് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.
അസമില്‍ ബി.ജെ.പിയ്‌ക്കെതിരെ ശക്തമായ സമരങ്ങള്‍ നയിക്കുന്ന അഖില്‍ ഗൊഗോയിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരുന്നു. തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹം സിബ്‌സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കാനും തീരുമാനിച്ചു.
ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ തയ്യാറല്ലെന്നും മാര്‍ച്ച് 27ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അഖില്‍ ഗൊഗോയിയുടെ കത്ത് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ജനാധിപത്യ വിരുദ്ധരായ ബി.ജെ.പിയില്‍ നിന്ന് അസമിനെയും ജനങ്ങളുടെ ഭാവിയെയും രക്ഷിക്കാനാണ് താന്‍ ജയിലില്‍ നിന്ന് ഈ കത്ത് അയയ്ക്കുന്നതെന്നാണ് അഖില്‍ ഗൊഗോയി അന്ന് പറഞ്ഞിരുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തനായ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുക. അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അസം രക്ഷപ്പെടണമെങ്കില്‍ ബി.ജെ.പിയ്ക്കോ പൗരത്വനിയമത്തിനോ അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുതെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ബി.ജെ.പി ഭരണത്തിന് കീഴില്‍ അസമിന്റെയും അവിടുത്തെ ജനങ്ങളുടെയും ഭാവി ഇരുണ്ടതാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
കടുത്ത മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ അനുഭവിച്ച് താന്‍ ജയിലില്‍ കഴിയുകയാണെന്നും തന്റെ ഭാവി എന്താണെന്ന് അറിയില്ലെന്നും അഖില്‍ ഗൊഗോയിയുടെ കത്തിലുണ്ട്. അസമീസ് രാഷ്ട്രീയത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ തുടച്ചുമാറ്റാനുള്ള ശ്രമങ്ങളാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്ന വരികളാണ് അദ്ദേഹത്തിന്റെ കത്തുകളിലുള്ളത്. തടവറയിലെ ക്രൂരപീഡനങ്ങള്‍ക്കിടയിലും അസമിലെ സിബ്സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച അഖില്‍ ഗൊഗോയി ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നാലെ വരുന്ന പ്രതികരണങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക