| Monday, 26th August 2024, 10:59 am

പുകവലിക്കുന്ന ചിത്രത്തിന് പിന്നാലെ കന്നഡ നടൻ ദർശൻ ജയിലിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരു ജയിലിനുള്ളിൽ നിന്ന് കന്നഡ നടൻ ദർശൻ തൻ്റെ അടുത്ത സഹായിയോട് സംസാരിക്കുന്ന വീഡിയോ പുറത്ത്. ദർശൻ ജയിലിൽ നിന്ന് പുകവലിക്കുകയും ചിരിക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് പുതിയ ദൃശ്യങ്ങൾ പുറത്തായത്.

ജൂണിൽ 33 കാരനായ തന്റെ ആരാധകൻ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദർശൻ ഇപ്പോൾ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. താരം തന്റെ സഹായിയോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ താരം നല്ല വെളിച്ചമുള്ള മുറിയിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്. പിന്നിൽ കർട്ടനുകളും വസ്ത്രവും കാണാം.

നേരത്തെ ദർശന് ജയിലിൽ വി.ഐ.പി പരിഗണ ലഭിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പുൽത്തകിടിയിൽ കസേരയിൽ ഇരുന്ന് മറ്റ് നാല് ആളുകളോടൊപ്പം പുകവലിക്കുന്ന ദർശന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഈ ചിത്രങ്ങളിൽ, കന്നഡ നടൻ ഒരു കൈയിൽ കപ്പും മറുകൈയിൽ സിഗരറ്റും പിടിച്ചിരിക്കുന്നതായി കാണാം. ഗുണ്ടാ തലവൻ വിൽസൺ ഗാർഡൻ നാഗയും സഹായികളുമാണ് ദർശന്റെ കൂടെ ഇരിക്കുന്നത്. ജയിൽ അന്തേവാസിയാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്. ഈ ചിത്രങ്ങൾ ജയിലിലെ സുരക്ഷാപ്രശ്‌നങ്ങൾ ഉയർത്തിയിരുന്നു. ചിത്രം വൈറലായതോടെ ഉന്നത ജയിൽ ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് വിളിപ്പിച്ചതായാണ് റിപ്പോർട്ട്.

സംഭവവികാസങ്ങൾ വാർത്തയായതോടെ, ജയിൽ അഡീഷണൽ ഐ.ജി.പി ആനന്ദ് റെഡ്ഡി വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു.

അതേസമയം, ജയിൽ ജയിലായിരിക്കണമെന്നും ദർശനെയും സാധാരണ തടവുകാരെപ്പോലെ പരിഗണിക്കണമെന്നും കൊല്ലപ്പെട്ട രേണുകസ്വാമിയുടെ പിതാവ് ഇതിനോട് പ്രതികരിച്ചു.

‘ജയിൽ ഒരു ജയിലാകണം, മറ്റെന്തെങ്കിലും ആകരുത്. അവൻ ഒരു സാധാരണ തടവുകാരനെപ്പോലെയാകണം. ചായയും സിഗരറ്റും കൈയിൽ പിടിച്ച് കസേരയിൽ നാലുപേരുമായി വിശ്രമിക്കുന്ന ചിത്രം എൻ്റെ സുഹൃത്തുക്കൾ എനിക്ക് കാണിച്ചു തന്നു. അവൻ ഏതോ ഗസ്റ്റ് ഹൗസിലോ റിസോർട്ടിലോ ഉള്ളത് പോലെയാണ് എനിക്ക് തോന്നിയത് ,” അദ്ദേഹം പറഞ്ഞു.

33 കാരനായ ആരാധകൻ ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് തന്നെ കാണാനെന്ന വ്യാജേനെ ഇയാളെ വിളിച്ച് വരുത്തിയ ദർശൻ രേണുക സ്വാമിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂൺ 9 ന് ബെംഗളൂരുവിലെ സുമനഹള്ളിയിലെ വെള്ളച്ചാട്ടത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Content Highlight: Jailed Actor Darshan’s Tea Party, Video Call Viral, Victim’s Father Weeps

Latest Stories

We use cookies to give you the best possible experience. Learn more