ന്യൂദല്‍ഹി: ജനങ്ങളുടെ സ്വകാര്യതകള്‍ സംരക്ഷിക്കാന്‍ നിയമം വരുന്നു. പ്രൈവസി നിയമം രൂപീകരിക്കാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പാനല്‍ നിയമത്തിന്റെ കരട് തയ്യാറാക്കി. അന്യന്റെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 2 കോടി വരെ പിഴയും നല്‍കണമെന്നാണ് സര്‍ക്കാര്‍ പാനല്‍ നിര്‍ദേശിക്കുന്നത്. []
ഒരാളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ അപരിചിതര്‍ക്ക് കൈമാറുന്നതും വെളിപ്പെടുത്തുന്നതും കോഗ്നിസബിള്‍ ഒഫന്‍സായി കണക്കാക്കും. (പോലീസിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കഴിയുന്ന കുറ്റം). എന്നാല്‍ ദേശീയ സുരക്ഷ, പൊതുതാത്പര്യം, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ക്ക് സ്വകാര്യതയില്‍ ഇടപെടാമെന്നും നിയമത്തില്‍ പറയുന്നു.
ഒരു വ്യക്തിയെ നേരിട്ടോ അല്ലാതെയോ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ വ്യക്തിപരമായി കണക്കാക്കുമെന്നും ഇതിന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കരടില്‍ പറയുന്നു. പൊതുതാത്പര്യത്തിനുവേണ്ടി വ്യക്തികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അവരെ ബോധ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
ഒരു വ്യക്തിയുടെ വ്യക്തിവിവരങ്ങള്‍ അപരിചിതനോ ഏതെങ്കിലും ഇന്‍ഷുറന്‍സ് ടെലികോം കമ്പനികള്‍ തുടങ്ങിയ സേവന ദാതാക്കള്‍ക്കോ കൈമാറിയാല്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാക്കണമെന്നും നിര്‍ദേശമുണ്ട്.
വ്യക്തിവിവരങ്ങള്‍ മോഷ്ടിക്കുന്നത് 1 കോടി രൂപവരെ ഫൈന്‍ ലഭിക്കാവുന്ന കുറ്റമാക്കണമെന്നും പാനല്‍ നിര്‍ദേശിക്കുന്നു. സ്വകാര്യത സംരക്ഷിക്കാനുള്ള റഗുലേറ്ററി ബോഡിയായ പ്രൈവസി കമ്മീഷണര്‍ക്ക് നാല് റീജിയണല്‍ ഓഫീസ് ഉണ്ടായിരിക്കും. ഇവിടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും നിയമസഹായം തേടുകയും ചെയ്യാമെന്നും നിര്‍ദേശിക്കുന്നു.
യുണീക്ക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന വിവരശേഖരണത്തില്‍ പൊതുജനങ്ങളില്‍ നിന്നും ആശങ്കയുയര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രൈവസി നിയമനിര്‍മാണത്തിനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.