കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ അനധികൃതമായി ടെലിവിഷന്‍ സ്ഥാപിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി സൂപ്രണ്ട് കെ. വിനോദന്‍, അസി. പ്രിസണ്‍ ഓഫിസര്‍ എം.കെ. ബൈജു, ഗേറ്റ്കീപ്പര്‍ വി.ടി.കെ. രവീന്ദ്രന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിനോദന്‍ ജയില്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്.
സംഭവത്തില്‍ ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ ജയില്‍ മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഒരു വര്‍ഷത്തോളം അന്വേഷണമിഴഞ്ഞ കേസിലാണു നടപടി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അച്ചടക്ക നടപടിയെടുക്കാത്ത എല്ലാ കേസുകളിലും നടപടി വേഗത്തിലാക്കാനാണു തീരുമാനം. ജയില്‍മേധാവിയായി ചുമതലയേറ്റശേഷം വിളിച്ചുകൂട്ടിയ ആദ്യയോഗത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമായ എല്ലാ കേസുകളും ശ്രദ്ധയില്‍പെടുത്തണമെന്നും നടപടിയുണ്ടാകുമെന്നും ഋഷിരാജ് സിങ് അറിയിച്ചത്.
2018 മാര്‍ച്ച് മാസത്തിലാണ് ടിവി വാങ്ങിയ സംഭവം. സി.പി.ഐ.എം തടവുകാര്‍ ഒന്നിച്ചു കഴിയുന്ന ഒന്നാം ബ്ലോക്കില്‍ ജയില്‍ വകുപ്പു മേധാവിയുടെ അനുമതിയില്ലാതെ രഹസ്യമായി പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിക്കൊടുക്കുകയായിരുന്നു. സെന്‍ട്രല്‍ ജയിലിലെ എല്ലാ ബ്ലോക്കുകളിലും നിലവില്‍ ടിവി ഉണ്ടെങ്കിലും 200ഓളം തടവുകാര്‍ കഴിയുന്ന മൂന്നാം ബ്ലോക്കില്‍ ഒരു ടിവി കൂടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ.എം തടവുകാര്‍ ആവശ്യമായ പണം വീട്ടിലേക്ക് അയക്കുകയും പണം ശേഖരിച്ച് ടിവി വാങ്ങാന്‍ ജയിലിനു പുറത്ത് ഒരാളെ ചുമതലപ്പെടുത്തുകയുമായിരുന്നു.