| Tuesday, 27th February 2018, 6:06 pm

'ആരാണ് ദൈവത്തിന്റെ ഇഷ്ടവും അനിഷ്ടവും തീരുമാനിക്കുന്നത്'; ആറ്റുകാല്‍ പൊങ്കാലയിലെ കുത്തിയോട്ടത്തിനെതിരെ ജയില്‍ മേധാവി ആര്‍. ശ്രീലേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചു നടക്കുന്ന കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ജയില്‍ മേധാവി ആര്‍. ശ്രീലേഖ. കുത്തിയോട്ടം വഴി കുട്ടികള്‍ക്കേല്‍ക്കുന്നത് ശാരീരികവും മാനസ്സികവുമായ കടുത്ത പീഡനമാണെന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചു.

ശിക്ഷാര്‍ഹമായ ഇത്തരം കുറ്റങ്ങള്‍ക്കെതിര ആരും പരാതി നല്‍കുന്നില്ലെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികളെ ആചാരത്തിന്റെ ഭാഗമായി മാനസികമായും ശാരീരികമായും പീഡനത്തിരയാക്കുന്ന പ്രവണതയാണ് കണ്ടുവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“ആറ്റുകാല്‍ പൊങ്കാല സമയത്ത് ക്ഷേത്രം ആണ്‍കുട്ടികളുടെ ജയിലാകും. പെണ്‍കുട്ടികളെ ഒരുക്കി, വിളക്ക് പിടിപ്പിച്ച് ഘോഷയാത്ര നടത്തുന്നു. അത് നിരുപദ്രവകരമാണ്. എന്നാല്‍ ആയിരത്തോളം വരുന്ന ആണ്‍കുട്ടികള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ദിവസങ്ങള്‍ പീഡനത്തിന്റേതാണ്.

കുട്ടികളെ മാനസ്സികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ക്ഷേത്ര ഭാരവാഹികളുമായി ഗൂഢാലോചന നടത്തി മാതാപിതാക്കള്‍ വിട്ടുനല്‍കുകയാണെന്നും ശ്രീലേഖ പറയുന്നു.


ചൂരല്‍ മുറിയല്‍ ചടങ്ങ്; ദത്തെടുത്ത കുട്ടികളുടെ ഇടുപ്പില്‍ ലോഹനൂല്‍ കോര്‍ക്കുന്ന ആധുനിക മനുഷ്യകുരുതി

കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരാനുള്ള ക്ഷേത്രാചാരത്തിനായി ഒരാഴ്ചക്കാലത്തേക്ക് ദരിദ്രകുടുംബങ്ങളിലെ പത്ത് വയസുള്ള കുട്ടികളെ ദത്തെടുക്കുക. ഇതിന് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കാശുകൊടുക്കുക, കഠിനമായ പരിശീലനത്തോടെ ഒരാഴ്ചക്കൊണ്ട് ആചാരങ്ങളും അനുഷ്ഠാനങ്ങളും പഠിപ്പിച്ചെടുക്കുക, ആചാരത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തില്‍ ലോഹനൂല്‍ തുളച്ചിടുക……….. പറഞ്ഞു വരുന്നത് നൂറുശതമാനം സാക്ഷരരായ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങിനെ കുറിച്ചാണ്..

പൂര്‍ണ്ണരൂപം വായിക്കാം


ഒറ്റമുണ്ട് മാത്രമുടുത്ത് തണുത്ത വെള്ളത്തില്‍ കുളിച്ച് ക്ഷേത്ര പറമ്പിലെ വെറും നിലത്തില്‍ കിടന്നുറങ്ങി, വൃത്തിഹീനമായ ഭക്ഷണം കഴിച്ചാണ് ഇത്രയും ദിവസത്തോളം കുട്ടികള്‍ കഴിയുന്നത്. മാതാപിതാക്കളെ കാണാന്‍ ഇത്രയും ദിവസം ഇവര്‍ കുട്ടികളെ അനുവദിക്കില്ല.

അവസാനദിവസം ഇരുമ്പ് കമ്പികൊണ്ട് അവരുടെ ശരീരത്തില്‍ കുത്തിയിറക്കും. അവര്‍ കരയും രക്തം വരും. ഇതെല്ലാം ചെയ്യുന്നത് ദേവിപ്രീതിയ്ക്ക് വേണ്ടിയാണെന്നും ശ്രീലേഖ പറയുന്നു.

ദേവിയ്ക്ക് രക്തം ഇഷ്ടമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരാണ് ദേവിയുടെ ഇഷ്ടവും അനിഷ്ടവും തീരുമാനിക്കുന്നത്.

ഈ പീഡനങ്ങളെക്കുറിച്ചൊന്നും ഒരു അറിവും നല്‍കാതെയാണ് ഭൂരിഭാഗം കുട്ടുകളെയും കുത്തിയോട്ടത്തിന് കൊണ്ടുവരുന്നതെന്നും ശ്രീലേഖ ആരോപിക്കുന്നു.

ശ്രീലേഖയുടെ ബ്ലോഗിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more