| Tuesday, 16th February 2021, 2:36 pm

നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള അജുവര്‍ഗീസല്ല ഈ സിനിമയില്‍; സാജന്‍ ബേക്കറിയെ പുകഴ്ത്തി ഋഷിരാജ് സിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജു വര്‍ഗീസ് നായകനായെത്തിയ സാജന്‍ ബേക്കറി എന്ന ചിത്രത്തെ പുകഴ്ത്തി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. പഴയകാലങ്ങളില്‍ പോലെ സഹോദരി സഹോദരന്മാര്‍ തമ്മിലുള്ള ബന്ധം കാണിക്കുന്നതിന് വേണ്ടിയുള്ള ഒരു ശ്രമം ചിത്രത്തില്‍ നന്നായി നടത്തിയിട്ടുണ്ടെന്നും സഹ നടീനടന്മാര്‍ ആയിരുന്ന അജു വര്‍ഗീസും ലെനയും ഈ ചിത്രത്തോടെ കൂടി മികച്ച നടിയും നടനും ആണെന്ന് തെളിയിയിച്ചിരിക്കുകയാണെന്നും ഋഷിരാജ് സിങ് പറയുന്നു.

എല്ലാവരും കുടുംബസമേതം തിയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ് സാജന്‍ ബേക്കറിയെന്നും ഋഷിരാജ് സിങ് പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള ഋഷിരാജ് സിങ്ങിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അജുവര്‍ഗീസും രംഗത്തെത്തിയിട്ടുണ്ട്.

സിനിമയെ കുറിച്ചുള്ള ഋഷിരാജ് സിങ്ങിന്റെ വാക്കുകള്‍…

‘കാലം മാറി പുതിയ കാലത്തിനനുസരിച്ച് സിനിമയില്‍ കാണിക്കാന്‍ ഒരുപാട് വെറൈറ്റി വിഷയങ്ങളും വന്നിട്ടുണ്ട്. കാലത്തിനനുസരിച്ച് പുതിയ പുതിയ കഥാപാത്രങ്ങളും വരികയാണ്, പക്ഷേ നാം വര്‍ഷങ്ങളായി കണ്ടുവളര്‍ന്ന കഥാപാത്രങ്ങള്‍ പല ഭാഷകളിലും ഇല്ലാതാകുന്നു. സഹോദരന്‍, ഓപ്പോള്‍, വയസ്സായ അച്ഛന്‍, അമ്മ തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍ ഇപ്പോഴത്തെ സിനിമകളില്‍ വലിയ പ്രാധാന്യം ഇല്ലാതെയാണ് കാണിക്കുന്നത്.

മോഹന്‍ലാലിന്റെ ‘ബാലേട്ടന്‍’, മമ്മൂട്ടിയുടെ ‘വാത്സല്യം’, പത്മരാജന്‍ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നല്ല ദിവസം’ മുതലായവയെ പോലുള്ള സിനിമകള്‍ കാണാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ് ഞാന്‍. ‘സാജന്‍ ബേക്കറിയില്‍’ പഴയകാലങ്ങളില്‍ പോലെ സഹോദരി സഹോദരന്മാര്‍ തമ്മിലുള്ള ബന്ധം കാണിക്കുന്നതിനു വേണ്ടിയുള്ള ഒരു ശ്രമം നന്നായിട്ട് നടന്നിട്ടുണ്ട്.

അച്ഛന്റെ ബേക്കറി ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടി സഹോദരി സഹോദരന്മാര്‍ തമ്മിലുള്ള മത്സരമാണ് ഈ സിനിമയിലെ പ്രമേയം. സഹോദരീ സഹോദരന്മാരായി അജു വര്‍ഗീസും ലെനയും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ഒരു സ്ത്രീയുടെ വിവാഹശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തതും, വിവാഹ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും, ഗ്രാമപ്രദേശത്തിലെ ഒരു സ്ത്രീക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അവരുടെ ശ്രമങ്ങളും മറ്റും വ്യത്യസ്തമായ ഒരു രീതിയില്‍ ഈ സിനിമയില്‍ കാണിച്ചിട്ടുണ്ട്.

സഹ നടീനടന്മാര്‍ ആയിരുന്ന അജു വര്‍ഗീസും ലെനയും ഈ ചിത്രത്തോടെ കൂടി മികച്ച നടിയും നടനും ആണെന്ന് തെളിയിക്കുകയാണ് ഉണ്ടായത്. നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള അജുവര്‍ഗീസ് അഭിനയമല്ല ഈ സിനിമയില്‍, അച്ഛനായും മകനായും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്.

ഈ സിനിമയ്ക്ക് വേണ്ടി ലെന ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്ന് സിനിമയില്‍ അവരുടെ ശരീരഭാഷയും അഭിനയവും കണ്ടാല്‍ മനസ്സിലാകും. തന്റെ ആദ്യസിനിമയായ ‘സ്‌നേഹ’ത്തില്‍ തുടങ്ങി, മലയാളസിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു നടിയായി ലെന ഈ സിനിമയോട് കൂടി മാറിക്കഴിഞ്ഞു.

ഏറെക്കാലത്തിന് ശേഷമാണ് ഗണേഷ് കുമാറിന്റെ ഒരു മുഴുനീള കഥാപാത്രം കാണുന്നത്. ഈ സഹോദരങ്ങളുടെ അമ്മാവന്റെ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഗണേഷ് കുമാറിന് സാധിച്ചിട്ടുണ്ട്.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി നല്ലൊരു സിനിമ ചെയ്യാന്‍ സംവിധായകന്‍ അരുണ്‍ ചന്തുവിനായി. നാം എല്ലാവരും ബണ്‍ കഴിക്കാറുണ്ട് എന്നാല്‍ ജാഫര്‍ ഇടുക്കി ഈ സിനിമയില്‍ ക്രീം ബണ്‍ കഴിക്കുന്ന രംഗം വളരെ നല്ല രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

രഞ്ജിതാ മേനോന്‍, ഗ്രേസ് ആന്റണി, ഭഗത്, ജയന്‍ ചേര്‍ത്തല, രമേശ് പിഷാരടി തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ നല്ല അഭിനയം കാഴ്ച വച്ചിട്ടുണ്ട്.

ദൃശ്യം സിനിമയില്‍ തൊടുപുഴയുടെ സൗന്ദര്യം പകര്‍ത്തിയത് പോലെ, സാജന്‍ ബേക്കറിയും റാന്നി ടൗണും മനോഹരമായി ഒപ്പിയെടുക്കാന്‍ ക്യമാറാമാന്‍ ഗുരുപ്രസാദിന് സാധിച്ചിട്ടുണ്ട്.

സാധാരണ ഒരു സിനിമയില്‍ ഇന്റര്‍വെല്ലിന് മുമ്പ് ഒരു പാട്ട് ഇന്റര്‍വെല്ലിന് ശേഷം ഒരു പാട്ട് എന്ന രീതിയില്‍ ഒതുക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ സിനിമയിലെ ആത്മാവ് പാട്ടുകളാണ്. സിനിമയുടെ ഫീല്‍ നിലനിര്‍ത്തുന്നതില്‍ പ്രശാന്ത് പിള്ളയുടെ സംഗീതവും സഹായകരമായിട്ടുണ്ട്.

ഈ സിനിമയുടെ എല്ലാ രംഗങ്ങളും ആസ്വദിക്കുന്നതിനായി എല്ലാവരും കുടുംബസമേതം തിയേറ്ററില്‍ പോയി കാണേണ്ട സിനിമയാണ് ‘സാജന്‍ ബേക്കറി Since 1962”.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jail DGP Rishirj Singh About Sajan Bakery Since 1966

We use cookies to give you the best possible experience. Learn more