തിരുവനന്തപുരം: പൊതു റോഡുകള്‍ കയ്യേറി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കെ കഴിഞ്ഞ പൊങ്കാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജയില്‍ വകുപ്പിന്റെ ബാനര്‍. തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിന് മുന്നിലാണ് “ആറ്റുകാലമ്മയ്ക്ക് പ്രണാമം, വനിതാ ജയില്‍ അട്ടക്കുളങ്ങര” എന്നെഴുതിയ പേരില്‍ ബാനര്‍ സ്ഥാപിച്ചിട്ടുള്ളത്. തൊട്ടു പിന്നിലായി പൂജപ്പുര ചപ്പാത്തി ഇവിടെ വില്‍ക്കപ്പെടുമെന്ന സൂപ്രണ്ടിന്റെ പേരിലുള്ള ബാനറുമുണ്ട്. ആറ്റുകാല്‍ പൊങ്കാല ദിവസം ഡൂള്‍ന്യൂസ് ഫോട്ടോഗ്രാഫര്‍ രാംകുമാര്‍ പകര്‍ത്തിയതാണ് ചിത്രം. ജയില്‍ മതിലില്‍ പരസ്യം പതിക്കരുതെന്ന എഴുതിയതും ചിത്രത്തില്‍ കാണാം.
പാതയോരത്ത് അടുപ്പൂകൂട്ടി ഗാഗത തടസമുണ്ടാക്കിയെന്നാണ് പൊങ്കാലയില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ള കുറ്റം. 1000 പേര്‍ക്കെതിരെയാണ് പോലീസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പൊങ്കാലയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുമുണ്ട്.
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പാതയോരത്ത് അടുപ്പുകൂട്ടിയ സ്ത്രീകള്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എഫ്.ഐ.ആര്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രാഥമികമായി ആയിരം സ്ത്രീകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാതയോരപൊതുയോഗ നിരോധന നിയമപ്രകാരമാണ് നടപടി. ഗതാഗത തടസ്സമുണ്ടാക്കി, റോഡില്‍ ചുടുകല്ലുകളിട്ടു, വഴി മുടക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.