യൂണിവേഴ്‌സിറ്റി കോളജില്‍ യുവാവ് ആക്രമിക്കപ്പെട്ടത് ശല്യം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്: മര്‍ദ്ദിച്ചത് സഹപാഠികളെന്നും ജെയ്ക്ക് സി. തോമസ്
Daily News
യൂണിവേഴ്‌സിറ്റി കോളജില്‍ യുവാവ് ആക്രമിക്കപ്പെട്ടത് ശല്യം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്: മര്‍ദ്ദിച്ചത് സഹപാഠികളെന്നും ജെയ്ക്ക് സി. തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2017, 12:41 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ജിജീഷ് എന്ന യുവാവ് ആക്രമിക്കപ്പെട്ടതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്. ജിജീഷിനെ ആക്രമിച്ചത് ആ പെണ്‍കുട്ടിയുടെ ക്ലാസിലുള്ള ആണ്‍കുട്ടികളാണെന്നും ജെയ്ക്ക് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

യുവാവ് മോശമായി പെരുമാറിയതു സംബന്ധിച്ച് പെണ്‍കുട്ടി യൂണിയനിലും വാക്കാല്‍ പരാതിപ്പെട്ടിരുന്നെന്നും ജെയ്ക്ക് പറഞ്ഞു.

യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ക്യാമ്പസിലെത്തിയ ജിജീഷ് ക്ലാസ്മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു. ആ ക്ലാസ്മുറിയിലെത്തിയ അതേ ക്ലാസിലെ മറ്റൊരു പെണ്‍കുട്ടി ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് തന്നോട് ജിജീഷ് മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി സഹപാഠികളോട് പരാതി പറയുകയായിരുന്നു.


Also Read: “മിസ്റ്റര്‍ ട്രംപ് അതൊന്നും നിങ്ങളുടെ അധികാര പരിധിയിലല്ല”: ട്രംപിനെ വിടാതെ കോടതി വിധികള്‍


ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ക്ലാസ്‌മേറ്റ്‌സായ ആണ്‍കുട്ടികള്‍ യുവാവിനെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്നും ജെയ്ക്ക് പറഞ്ഞു.

ഇന്നുരാവിലെയാണ് ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും ഒറ്റക്കോളില്‍ തനിക്കു മനസിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പറഞ്ഞതെന്നും കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും ജെയ്ക്ക് പറഞ്ഞു.

കഴിഞ്ഞദിവസമാണ് യൂണിവേഴ്‌സിറ്റി കോളജില്‍ ജിജീഷ് എന്ന യുവാവ് ആക്രമിക്കപ്പെട്ടത്. സുഹൃത്തുക്കളും യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനികളുമായ അസ്മിതയ്ക്കും സൂര്യഗായത്രിക്കുമൊപ്പം നാടകം കാണാനായാണ് ജിജീഷ് കോളജിലെത്തിയത്.

ജിജീഷിനെ ആക്രമിക്കുന്നത് തടഞ്ഞ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനികളായ അസ്മിതയ്ക്കും സൂര്യഗായത്രിക്കും മര്‍ദ്ദനമേറ്റിരുന്നു. പെണ്‍കുട്ടിയുടെ അടുത്തായി ഇരുന്ന ജിജീഷിനെ മൂന്നാലുപേര് കൂട്ടുക്കൊണ്ടുപോകുകയും തങ്ങളുടെ അടുത്തിരുന്നത് ചോദ്യം ചെയ്യുകയും തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് തിരിച്ചുപോകാനൊരുങ്ങിയ തങ്ങളെ ചിലര്‍ തടയുകയും ജിജീഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ജിജീഷിനെ മര്‍ദ്ദിക്കുന്ന ചോദ്യം ചെയ്ത അസ്മിതയെയും സൂര്യഗായത്രിയെയും തള്ളിയിടുകയുമായിരുന്നു. സംഭവത്തിനു പിന്നില്‍ കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.