കോഴിക്കോട്: ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ നടക്കാന്‍ പോകുന്നത് സ്വയംഭോഗവും സ്വവര്‍ഗ രതിയുമല്ലെന്ന് മുസ്‌ലിം ലീഗ് നേതാവിനോട് വിളിച്ചുപറയാനുള്ള അന്തസ് കോണ്‍ഗ്രസിനുണ്ടോയെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്ക് സി. തോമസ്.
ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവ് കെ.പി. നൗഷാദ് അലിയോടായിരുന്നു ജെയ്ക്ക് തോമസിന്റെ ചോദ്യം. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു ഈ പ്രതികരണം.
‘ഈ 2022ലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും സ്വയംഭോഗവും സ്വവര്‍ഗരതിയുമാണ് പഠിപ്പിക്കുന്നതെന്ന് എന്ന് ഒരു മറയുമില്ലാതെ, ഒരു അന്തസുമില്ലാതെ കേരളത്തിലെ ജില്ലാ കേന്ദ്രത്തില്‍ നിന്ന് പരസ്യമായി പ്രസംഗിക്കുന്ന ലീഗ് നേതാവിനെ ന്യായീകരിക്കാന്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും ആളുകളുണ്ട്.
എന്ത് വൃത്തികേട് പറഞ്ഞാലും അതൊരു പഞ്ചാണ് എന്നത് മോശം കാര്യമാണ്,’ എന്ന് ജെയ്ക്ക് പറഞ്ഞപ്പോള്‍ രണ്ടത്താണിയുടെ പ്രസ്താവനയെ താന്‍ ന്യായീകരിച്ചിട്ടില്ലെന്നാണ് കാണ്‍ഗ്രസ് പ്രതിനിധി കെ.പി. നൗഷാദ് പറഞ്ഞത്.
അങ്ങെനെയാണെങ്കില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിപ്പിക്കുന്നത്
സ്വയംഭോഗവും സ്വവര്‍ഗ രതിയുമല്ലെന്ന് മുസ്‌ലിം ലീഗ് നേതാവിനോട് വിളിച്ചുപറയാനുള്ള അന്തസ് കോണ്‍ഗ്രസിനുണ്ടോയെന്ന് ജെയ്ക്ക് മറുപടി നല്‍കി.
ഇടതുപക്ഷ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ച അഭൂതപൂര്‍വമായ മാറ്റങ്ങളെ ഹൃദയം പകുത്തുനല്‍കുന്ന സ്‌നേഹത്തോടെ കേരളത്തിലെ ഓരോ കുടുംബങ്ങളും കുട്ടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജെയ്ക് സി. തോമസ് പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പഠിപ്പിക്കുന്ന കണ്ടന്റിനെക്കുറിച്ച് മുസ്‌ലിം ലീഗിന് സംശയങ്ങളുണ്ടെന്നാണ് മുസ്‌ലിം ലീഗ് പ്രതിനിധി പി.കെ. നവാസ് ചര്‍ച്ചയില്‍ പറഞ്ഞത്.
കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവെക്കുന്ന മൂല്യധാരയല്ല കണ്‍സര്‍വേറ്റീവ് ആളുകള്‍ മുന്നോട്ടുവെക്കുന്നതെന്നും കുടുംബ മൂല്യത്തിലധിഷ്ടിതമായ മൂല്യ സംവിധാനമാണ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു പാനലിസ്റ്റ്
ഹിന്ദുത്വ ആക്റ്റിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന.
പുതിയ പാഠ്യപദ്ധതി മതവിശ്വാസത്തെയും ധാര്‍മികതയെയും തകര്‍ക്കുമെന്നും, കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്നും രണ്ടത്താണി ചോദിച്ചു. കണ്ണൂരില്‍ യു.ഡി.എഫിന്റെ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയാല്‍ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം.
ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താല്‍ എങ്ങനെയുണ്ടാകും ആ നാടിന്റെ സംസ്‌കാരം? ഇവര്‍ക്കാവശ്യം എന്താണ്? ധാര്‍മ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്.
സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,” എന്നാണ് പ്രസംഗത്തില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്.
Content Highlight: Jaik C Thomas against Muslim league leader Abdhu Rahman Randathanies controversy comment