| Wednesday, 16th September 2020, 10:10 am

'രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താന്‍ പോലും സാധിക്കാഞ്ഞതില്‍ ക്ഷമിക്കുക,';വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശത്തില്‍ വന്ന പിഴവില്‍ ഖേദിക്കുന്നെന്നും ജെയ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അറബി മലയാളത്തിലാണ് കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നത് എന്ന പരാമര്‍ശം സംസാര മധ്യേ സംഭവിച്ച പിഴവാണെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസ്. ജെയ്കിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളും ട്രോളുകളും വന്നുതുടങ്ങിയതിന് പിന്നാലെയാണ് വിശദീകരണവുമായി ജെയ്ക് രംഗത്തെത്തിയിരിക്കുന്നത്.

മനോരമ ന്യൂസില്‍ നടന്ന സംവാദത്തിലായിരുന്നു അറബി മലയാളത്തിലാണ് കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നത് എന്ന് ജെയ്ക് പറഞ്ഞത്.

മലബാറിലെ സാധാരണക്കാരായ മുസ്‌ലിങ്ങള്‍ അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം സാധാരണക്കാരായ വിശ്വാസികള്‍ക്ക് അനായാസം പാരായണം ചെയ്യുവാന്‍ കഴിയും വിധമുള്ള അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വിശുദ്ധ ഖുര്‍ആന്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളില്‍ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടുവാന്‍ ആഗ്രഹിച്ചതെന്നു പറഞ്ഞ ജെയ്ക്പിഴവുണ്ടായി തൊട്ടടുത്ത നിമിഷം തന്നെ അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെന്നു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആദ്യമുണ്ടായ തെറ്റു പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കുന്നതെന്നും ജെയ്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

”ചര്‍ച്ചയ്ക്കിടെ മന:പൂര്‍വമല്ലാതെ സംഭവിച്ച വീഴ്ച്ച ആര്‍ക്കെങ്കിലും മനോവിഷമം സൃഷ്ടിച്ചുവെങ്കില്‍ ഖേദം അറിയിക്കുന്നു. അറബ് രാജ്യങ്ങളിലും കേരളത്തിലും മുന്‍പുണ്ടായിരുന്ന ലിപി വ്യതാസത്തെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും സംഭവിച്ച പിഴവിനെ തെല്ലും ന്യായീകരിക്കുന്നില്ല.
ലിപിഭേദങ്ങളെയും, പിശകുകളെയും ഒക്കെ സമഗ്രമായി ചൂണ്ടിക്കാണിച്ച മുഴുവന്‍ ആളുകളുടെയും നിര്‍ദേശങ്ങളെയും വിമര്‍ശനങ്ങളെയും കൃതജ്ഞതയോടെ തന്നെ സ്വാഗതം ചെയ്യുന്നു,” ജെയ്ക് പറഞ്ഞു.

തനിക്കെതിരെ വന്നുകൊണ്ടിരിക്കുന്ന ട്രോളുകളെക്കുറിച്ചും ജെയ്ക് പ്രതികരിച്ചു.

”രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താന്‍ പോലും എനിക്ക് സാധിക്കാഞ്ഞതില്‍ ക്ഷമിക്കുക,” ജെയ്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: Jaick C Thomas on  quran lipi controversy

We use cookies to give you the best possible experience. Learn more